കോടിക്കണക്കിന് കുട്ടികളുടെ വിദ്യലായജീവിതത്തിന് വിഘാതമായി കാലാവസ്ഥ പ്രതിസന്ധി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാലാവസ്ഥ പ്രതിസന്ധിമൂലം ലോകത്തിൽ 24 കോടി 20 ലക്ഷം കുട്ടികൾക്ക് കഴിഞ്ഞ വർഷം വിദ്യാലയങ്ങളിൽ പോകാൻ കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷമ നിധി, യൂണിസെഫ് (UNICEF) വെളിപ്പെടുത്തി.
ജനുവരി 24-ന് ആചരിക്കപ്പെട്ട അന്താരാഷ്ട്ര വിദ്യഭ്യാസദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു രേഖയിലാണ് ഈ സംഘടന ഇതു പറഞ്ഞിരിക്കുന്നത്.
85 നാടുകളിലാണ് ബാലികാബാലന്മാർക്ക് പള്ളിക്കൂടങ്ങളിൽ പോകാൻ കഴിയാതെ വന്നതെന്നും പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, അത്യുഷ്ണം, വരൾച്ച തുടങ്ങിയവ ഇതിനു കാരണങ്ങളാണെന്നും യുണിസെഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അതിതാപതരംഗം മൂലം വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതിനാൽ 11 കോടി 80 ലക്ഷം കുട്ടികളുടെ പഠനം മുടങ്ങിയെന്നും ഏഷ്യയിൽ ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുവെന്നും ഈ സംഘടന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
മോശം കാലാവസ്ഥ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണെന്ന് യുണിസെഫിൻറെ ഡൽറെക്ടർ ജനറൽ കാഥെറിൻ റസ്സെൽ പറയുന്നു. കുട്ടികളുടെ ശരീരം മുതിർന്നവരുടെതിനെ അപേക്ഷിച്ച് പെട്ടെന്ന് ചൂടുപിടിക്കുകയും സാവാധാനം തണുക്കുകയും ചെയ്യുന്നതിനാൽ കനത്ത ചൂട് അവരെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നുവെന്നും കാഥറിൻ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: