MAP

അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

അഫ്ഗാൻ യുദ്ധത്തിന്റെ 2024-ലെ ഇരകളിൽ അഞ്ഞൂറിലധികം കുട്ടികൾ: യൂണിസെഫ്

അഫ്ഗാനിസ്ഥാനിൽ മുൻപുണ്ടായ യുദ്ധങ്ങൾ അവശേഷിപ്പിച്ച ആയുധങ്ങൾ അഞ്ഞൂറിലധികം കുട്ടികളുടെ ജീവിതം തകർത്തുവെന്ന് യൂണിസെഫ്. ആക്രമണങ്ങളിൽ പൊട്ടാതെ അവശേഷിച്ച ആയുധങ്ങളും യുദ്ധാവശിഷ്ടങ്ങളുമാണ് നിരവധി കുട്ടികളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായിക്കൊണ്ടിരിക്കുന്നത്. ജനുവരി ഏഴിന് എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് അഫ്ഗാൻ യുദ്ധത്തിന്റെ ബാക്കിപത്രത്തെക്കുറിച്ച് യൂണിസെഫ് എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഫ്ഗാൻ യുദ്ധത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും യുദ്ധ അവശിഷ്ടങ്ങളും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായെന്നും, നിരവധിപേർക്ക് മാരകമായ പരിക്കുകൾ ഏറ്റെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി ഏഴ് ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് യുദ്ധാവശിഷ്ടങ്ങൾ അഫ്ഗാനിസ്ഥാനിൽ വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.

2024-ൽ മാത്രം അഞ്ഞൂറിലധികം കുട്ടികളാണ് അഫ്ഗാൻ യുദ്ധത്തിൽ പൊട്ടിത്തെറിക്കാതിരുന്ന ആയുധങ്ങൾ പൊട്ടിത്തെറിച്ചും, യുദ്ധാവശിഷ്ടങ്ങൾ മൂലം ദുരിതമനുഭവിച്ചതെന്നും, ഇവരിൽ നിരവധി കുട്ടികൾ മരണമടഞ്ഞെന്നും യൂണിസെഫ് വ്യക്തമാക്കി.

പൊട്ടിത്തെറിക്കാതെ അവശേഷിച്ച ആയുധങ്ങളും, യുദ്ധാവശിഷ്ടങ്ങളും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ചും, അത്തരം ആയുധങ്ങൾ എപ്രകാരം തിരിച്ചറിയാമെന്നും, അവയിൽനിന്ന് രക്ഷപെടാമെന്നും, എങ്ങനെ അവയെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്നും യൂണിസെഫ് മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകിയെന്നും യൂണിസെഫ് തങ്ങളുടെ സന്ദേശത്തിൽ അവകാശപ്പെട്ടു.

ശിശുക്ഷേമനിധിയുടെ അഫ്ഗാനിസ്ഥാനിലെ പ്രാദേശികഘടകമാണ് രാജ്യത്ത് മുൻകാലങ്ങളിൽ നടന്ന യുദ്ധങ്ങൾ അവശേഷിപ്പിച്ച അപകടക്കെണികളെക്കുറിച്ച് എക്‌സിൽ എഴുതിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളിൽ ആയിരക്കണക്കിന് നിഷ്കളങ്കരായ കുട്ടികളാണ് ഇരകളാകുന്നത്. തങ്ങൾ ആരംഭിക്കാത്ത യുദ്ധത്തിന്റെ ദുരിതമനുഭവിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നതിനെക്കുറിച്ച് ഉക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് യൂണിസെഫ് കഴിഞ്ഞ ദിവസം എഴുതിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജനുവരി 2025, 15:00