പ്രകൃതിസംരക്ഷണത്തിനും സുസ്ഥിരവ്യവസ്ഥിതിക്കും മാതൃകയാകാൻ "ലൗദാത്തോ സി" ഗ്രാമം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രകൃതിസംരക്ഷണവും, ആതിഥ്യമര്യാദയും, സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥിതിയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനഃസ്ഥിതിയും ഉൾപ്പെടുത്തി, "ലൗദാത്തോ സി" എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ മുന്നോട്ടുവച്ച ആശയത്തെ യാഥാർത്ഥ്യമാക്കിക്കൊണ്ട് "ലൗദാത്തോ സി" ഗ്രാമം ഒരുങ്ങുന്നു. പാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കസ്‌തേൽ ഗന്തോൾഫോയിലെ വില്ല ബാർബരീനിയുടെ ചുറ്റുമുള്ള 55 ഹെക്ടർ സ്ഥലത്താണ് ഈ പ്രകൃതിസൗഹൃദഗ്രാമം ഒരുങ്ങുന്നത്.
"ലൗദാത്തോ സി" ഗ്രാമപദ്ധതിയുടെ ഭാഗമായി, സമഗ്ര പാരിസ്ഥിതികശാസ്ത്രതത്വങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഏതാണ്ട് മുപ്പതോളം ഹെക്ടർ സ്ഥലത്ത് കൃഷി നടത്തും. വർഷം തോറും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഇവിടെ പരിശീലനം നൽകാനും, പുറമെനിന്നുള്ള ആളുകൾക്ക് ഈ കൃഷിയിടങ്ങൾ സന്ദർശിക്കാനും, അവിടെനിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാനും ഉള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ ഗ്രാമം പദ്ധതിയിടുന്നു.
അടുത്തുള്ള അൽബാനോ തടാകത്തിലെ ജലത്തിന് കഴിയുന്നതും ദോഷമുളവാക്കാത്ത രീതിയിൽ, ഉപയോഗിക്കുന്ന ജലത്തിന്റെ തോത് കുറച്ചും ഫലപ്രദമായ ജലസേചനമാർഗ്ഗമുപയോഗിച്ചും, "ലൗദാത്തോ സി" ഗ്രാമത്തിൽ നടപ്പിലാക്കുന്ന കൃഷി പരിസ്ഥിതിസൗഹൃദപരമായിരിക്കും.
"ലൗദാത്തോ സി" ഗ്രാമപദ്ധതിയുടെ ആശീർവാദത്തിനും പ്രാർത്ഥനകൾക്കുമായി വെള്ളിയാഴ്ച വൈകുന്നേരം ലിയോ പതിനാലാമൻ പാപ്പായെത്തുമ്പോൾ, അവിടെ ജോലിചെയ്യുന്നവരും, അവരുടെ കുടുംബങ്ങളും പദ്ധതി യാഥാർത്ഥ്യവത്കരിക്കാനായി സഹകരിച്ചവരും ചേർന്ന് പാപ്പായെ സ്വീകരിക്കും. വിധയിടങ്ങളിൽനിന്നുള്ള ഉന്നതപ്രതിനിധിസംഘങ്ങളും ചടങ്ങുകളിൽ സംബന്ധിക്കാനെത്തും.
ഗ്രാമത്തിന്റെ ഭാഗമായി ഒരുക്കുന്ന ഹോട്ടൽ പോലെയുള്ള പദ്ധതികളിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ജോലിസാധ്യത ഉറപ്പാക്കും. ഗ്രാമത്തിലേക്ക് വർഷം രണ്ടരലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: