അണ്വായുധ ഭീഷണി ലോകത്തെ വെല്ലുവിളിക്കുന്നു: ആർച്ചുബിഷപ്പ് കാച്ച
വത്തിക്കാൻ ന്യൂസ്
ന്യൂയോർക്കിൽ, അന്താരാഷ്ട്ര ആണവ പരീക്ഷണങ്ങൾക്കെതിരായ ദിനത്തോടനുബന്ധിച്ച് നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി. വർദ്ധിച്ചുവരുന്ന വിനാശകരമായ ആയുധങ്ങളുടെ ആശങ്കാജനകമായ ശേഖരം, സമാധാനത്തിലേക്ക് മുന്നേറുന്നതിനുപകരം, ലോകം വിപരീത ദിശയിലേക്ക് നീങ്ങുന്നതായി തോന്നിപ്പിക്കുന്നുവെന്നു പ്രസ്താവനയിൽ പറഞ്ഞു.
എൺപത് വർഷങ്ങൾക്ക് മുമ്പ് ആദ്യത്തെ ആണവായുധത്തിന്റെ സ്ഫോടനം ലോകത്തെ അഭൂതപൂർവമായ ഒരു വിനാശകരമായ അവസ്ഥയിലേക്ക് കൊണ്ടുവന്നതും, ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട്, ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരാശിയുടെമേൽ നിഴൽ വീഴ്ത്തിയതിനെയും ആർച്ചുബിഷപ്പ് പരാമർശിച്ചു.
ആണവ പ്രതിരോധത്തിന്റെ യുക്തിയിലൂടെ സമാധാനവും സുരക്ഷയും നിലനിർത്താൻ കഴിയുമെന്ന ചിന്ത, ഇന്നും ധാർമ്മിക യുക്തിയെയും അന്താരാഷ്ട്ര മനസ്സാക്ഷിയെയും വെല്ലുവിളിക്കുന്നതാണെന്നും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.
1945 ജൂലൈ 16-ന് നടന്ന ആദ്യ ആണവ പരീക്ഷണത്തിനുശേഷം, അന്തരീക്ഷത്തിലും, ഭൂമിക്കടിയിലും, സമുദ്രങ്ങളിലും, കരയിലും രണ്ടായിരത്തിലധികം ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും, അവ മനുഷ്യരാശിയെ, പ്രത്യേകിച്ച്, തദ്ദേശീയ ജനതയെയും, സ്ത്രീകളെയും, കുട്ടികളെയും, ഗർഭസ്ഥ ശിശുക്കളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ആർച്ചുബിഷപ്പ് കാച്ച ഓർമ്മപ്പെടുത്തി.
ഇക്കാരണത്താൽ, കഴിഞ്ഞ കാലത്തെ ഭയാനകമായ അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നതും ആർച്ചുബിഷപ്പ് അടിവരയിട്ടു. വർധിച്ചുവരുന്ന സൈനിക ചിലവ്, പലപ്പോഴും സമഗ്രമായ മനുഷ്യ വികസനത്തിനും പൊതുനന്മയുടെ ഉന്നമനത്തിനുമുള്ള നിക്ഷേപത്തിന് ഹാനികരമാണെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: