സമാധാനത്തിന്റെ ശില്പികളാകാൻ യുവതലമുറയെ ആഹ്വാനം ചെയ്‌ത് ആർച്ചുബിഷപ്പ് കാച്ച
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ ന്യൂസ്
സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ യുവതലമുറയെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്, ഐക്യരാഷ്ട്രസഭയുടെ ഉന്നതതല ഫോറത്തിൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനും അപ്പസ്തോലിക് നൂൺഷ്യോയുമായ ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച. "സമാധാനസംസ്കാരത്തിനായി യുവജനങ്ങളെ ശാക്തീകരിക്കുക" എന്ന പ്രമേയത്തിൽ 2025 സെപ്റ്റംബർ 2-ന് നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതലഫോറത്തിൽ നടത്തിയ പ്രഭാഷണത്തിലാണ്, യുവതലമുറയിൽ സമാധാനസംസ്കാരം വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്.
യുവജനജൂബിലിയോടനുബന്ധിച്ച് റോമിൽ പത്ത് ലക്ഷത്തോളം യുവജനങ്ങൾ ഒത്തുകൂടിയതിനെക്കുറിച്ച് പരാമർശിക്കവേ, സാഹോദര്യത്തിനും സൗഹൃദത്തിനും ലോകത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഈ യുവജനസംഗമം തെളിയിച്ചുവെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.
ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് സംവാദങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്ന ഒരു ലോകവും, ജീവിതരീതിയും രൂപപ്പെടുത്താൻ സാഹോദര്യ-സൗഹൃദമൂല്യങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധങ്ങളും സംഘർഷങ്ങളും കാരണം ദുരിതമനുഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതിൽ പരിശുദ്ധ സിംഹാസനത്തിന്റെ വലിയ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, ചെറുപ്പക്കാരിൽ ചിലർ, ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലം തീവ്രവാദത്തിലേക്കും, അക്രമത്തിലേക്കും ആകർഷിക്കപ്പെടുന്നുവെന്ന് തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ചു.
എന്നാൽ, സമൂഹത്തിൽനിന്നും ആവശ്യമായ പ്രോത്സാഹനവും, പിന്തുണയും നൽകുകയാണെങ്കിൽ, യുവജനങ്ങൾക്ക് സാമൂഹികസൗഹൃദങ്ങൾ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും, അതുവഴി സംവാദങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് വത്തിക്കാൻ പ്രതിനിധി കാച്ച പ്രസ്താവിച്ചു.
സമാധാനസംസ്കാരം കെട്ടിപ്പടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും തന്റെ പ്രഭാഷണത്തിൽ വത്തിക്കാൻ നയതന്ത്രജ്ഞൻ എടുത്തുപറഞ്ഞു. മാതാപിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ, മതനേതാക്കൾ തുടങ്ങിയവർക്ക് ഇത്തരമൊരു സംസ്കാരം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പൊതു ഇടങ്ങളിലാണ് യുവജനങ്ങൾ പരസ്പര ബഹുമാനവും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതെന്നും, തർക്കങ്ങളെ സമാധാനപരമായി പരിഹരിക്കാൻ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2026-ലെ ലോക സമാധാനദിനസന്ദേശത്തിന്റെ പ്രമേയം "ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക്" എന്നതാണെന്നും, അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ യഥാർത്ഥ സമാധാനം സ്വീകരിക്കാൻ ഇത് മനുഷ്യരാശിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ ആഹ്വാനം യുവജനങ്ങൾ അവരുടെ കുടുംബങ്ങളിലും, സ്കൂളുകളിലും, തൊഴിലിടങ്ങളിലും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: