സഭയിലെ നവാഭിഷിക്തരായ മെത്രാന്മാർക്ക് വത്തിക്കാനിൽ പരിശീലന കോഴ്സ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"സഭയിലൂടെ, പ്രത്യേകിച്ച് പരിശുദ്ധ പിതാവിലൂടെ, നിങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുന്ന ദൈവമാണ് മെത്രാന്മാരായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും, നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നത് ഒരിക്കലും വിസ്മരിക്കരുതെന്നും" ഓർമ്മപെടുത്തിക്കൊണ്ട്, സെപ്റ്റംബർ 3 മുതൽ 11 വരെ,കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായ മെത്രാന്മാർക്കുവേണ്ടി പരിശീലന പരിപാടിക്ക്, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് കർദിനാൾ അന്തോണിയോ താഗ്ലെ തുടക്കം കുറിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും, മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയുമാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുമായി അടുത്തിടെ നിയമിതരായ 192 മെത്രാന്മാർ കോഴ്‌സിൽ സംബന്ധിക്കുന്നുണ്ട്.
അപ്പസ്തോലിക പിന്തുടർച്ച എന്നത് ആദരവ് നേടുവാനുള്ളതല്ലതെന്നും, അത് നമ്മുടെ യോഗ്യതയല്ല, മറിച്ച് പരിമിതരും, ദുർബലരുമായ മനുഷ്യർക്ക് വേണ്ടി നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നും, അത് മറന്നുപോകുവാനുള്ള പ്രലോഭനത്തെ ജാഗ്രതയോടെ കരുതിയിരിക്കുവാനും കർദിനാൾ ഓർമ്മപ്പെടുത്തി. മെത്രാൻ സ്ഥാനം നാം അർഹിക്കാത്തതെങ്കിലും, അനുദിനം ആ ദാനത്തെ നാം എളിമയോടും, കൃതജ്ഞതയോടും സ്വീകരിക്കണമെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
മെത്രാന്മാർ ഉടമകളെ പോലെ പെരുമാറരുതെന്നും, മറിച്ച്, വൈദികരുമായും, സമർപ്പിതരുമായും, ദൈവ ജനവുമായുമുള്ള ബന്ധത്തിൽ അടിസ്ഥാനപ്പെടുത്തി സഭാഭരണം നിർവ്വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ്പ് ഫോർത്തുനാറ്റസ് നവാച്ചുക്വു, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിവിധ സേവനങ്ങളെ എടുത്തുപറയുകയും, വിവിധ ഭൂഖണ്ഡങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. കത്തോലിക്കരുടെ എണ്ണത്തിൽ യൂറോപ്പിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നതിന് ആർച്ചുബിഷപ്പ് എടുത്തു കാണിക്കുകയും, ക്രിസ്തുവിനെ അറിയിക്കുക എന്നത്, അടിയന്തിരമായ ഒരു ആവശ്യകതയാണെന്നത് അടിവരയിട്ടു പറയുകയും ചെയ്തു.
ഡിക്കസ്റ്ററിയുടെ, സുവിശേഷവൽക്കരണത്തിന്റെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള വിഭാഗത്തിന്റെ പ്രോ- പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേല്ലയും, ആമുഖ പ്രഭാഷണം നടത്തി. സുവിശേഷവൽക്കരണത്തിന്റെ പ്രവർത്തനം, പുതിയ ഡിജിറ്റൽ സംസ്കാരത്തിന്റെ ഭൂപ്രകൃതിയും, കൃത്രിമബുദ്ധിയുടെ സമീപകാല വികസനവും കണക്കിലെടുക്കാൻ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും, എന്നാൽ ഇവ സത്യവും സ്വാതന്ത്ര്യവുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തണമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: