മനുഷ്യത്വം യുദ്ധം അവസാനിപ്പിക്കണം അല്ലെങ്കിൽ യുദ്ധം മനുഷ്യത്വത്തെ അവസാനിപ്പിക്കും: കർദിനാൾ സൂപ്പി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"കൂട്ടായ്മയുടെയും, കണ്ടുമുട്ടലുകളുടെയും സന്തോഷമാണ്, ജൂബിലിയുടെ നിറവ്", ഈ വാക്കുകളോടെയാണ് ജൂലൈ മുപ്പത്തിയൊന്നാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒത്തുകൂടിയ നാൽപതിനായിരത്തിനു മുകളിൽ ഇറ്റാലിയൻ യുവജനതയോട്, കർദിനാൾ മത്തേയോ സൂപ്പി സംസാരിച്ചത്. യുവജന ജൂബിലിയോടനുബന്ധിച്ചാണ് ഈ പ്രത്യേക സമ്മേളനം നടന്നത്. തദവസരത്തിൽ, യുവാക്കൾ തങ്ങളുടെ വിശ്വാസം ആഘോഷപൂർവം പ്രഘോഷിക്കുകയും, പങ്കുവയ്ക്കുകയും ചെയ്തു. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബെല്ലയും വിഡിയോ സന്ദേശത്തിലൂടെ യുവജനങ്ങളെ അഭിസംബോധന ചെയ്തു. ഓരോരുത്തരിലും ദൈവസ്നേഹത്തിന്റെ ലളിതവും മാനുഷികവുമായ പ്രതിഫലനമുണ്ടെന്നും, ഇത് വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ ഓർമ്മപ്പെടുത്തുന്നതാണെന്നും കർദിനാൾ സൂപ്പി എടുത്തു പറഞ്ഞു.
യുവജന സമ്മേളനം യഥാർത്ഥത്തിൽ നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നുവെന്നും, സഭ നമ്മുടെ കുടുംബമാണെന്നു നമുക്ക് അനുഭവവേദ്യമാക്കി തരുന്നുവെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഫ്രാൻസിസ് പാപ്പയുടെ ആത്മീയ സാന്നിധ്യത്തെയും കർദിനാൾ അനുസ്മരിച്ചു. അപരനിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കണമെന്നും, ഇത് നമ്മുടെ അയൽക്കാരെ സ്നേഹിക്കുവാനും, പരിപാലിക്കുവാനും നമ്മെ ഉത്തരവാദിത്വപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തു നടമാടുന്ന യുദ്ധസാഹചര്യങ്ങളെയും കർദിനാൾ അനുസ്മരിച്ചു. ലിയോ പതിനാലാമൻ പപ്പയുടെ സമാധാനത്തിനും, നിരായുധീകരണത്തിനുമുള്ള ആഹ്വാനങ്ങൾ, യുവജനങ്ങൾ ജീവിക്കാത്തതിൽ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അപരന്റെ മുറിവുകൾ ഉണക്കുവാനും, സംഘർഷങ്ങൾ തടയുവാനും സാധിക്കട്ടെയെന്നു പറഞ്ഞ കർദിനാൾ, അക്രമണങ്ങൾ മനുഷ്യരാശിയെ ദാരിദ്ര്യത്തിലേക്കാണ് തള്ളിവിടുന്നതെന്ന യാഥാർഥ്യവും അടിവരയിട്ടു.
അതിനാൽ സമാധാനം പുനഃസ്ഥാപിക്കുന്ന യേശുവിന്റെ ശിഷ്യന്മാരാകുവാനുള്ള വിളിക്ക് നാം കാതോർക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കർത്താവിനെ സ്‌നേഹിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് തന്റെ ജീവിതം ശ്രേഷ്ഠമാക്കുവാൻ സാധിക്കുകയുള്ളൂവെന്നും കർദിനാൾ സൂപ്പി പറഞ്ഞു. സൗഹൃദത്തിന്റെയും പരസ്പരം സ്നേഹിക്കുന്നതിന്റെയും ശക്തിയാണ് ഏറ്റവും വലുതെന്നും, അത് എല്ലാ വിഭജനങ്ങളെയും മറികടക്കുകയും കൂട്ടായ്മ രൂപീകരണത്തിന് സഹായകരമാകുമെന്നും ഉദ്‌ബോധിപ്പിച്ചു. യുവജനങ്ങൾ തങ്ങളുടെ വിശ്വാസം തുറന്ന മനസോടെയും ആഘോഷപൂർവമായും ഏറ്റുപറയാൻ കാണിച്ച ധൈര്യം ഏവർക്കും മാതൃകയാണെന്നും കർദിനാൾ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: