MAP

യുവജന ജൂബിലിയിൽ പങ്കെടുക്കുന്നവർ യുവജന ജൂബിലിയിൽ പങ്കെടുക്കുന്നവർ  (ANSA)

അനുരഞ്ജനകൂദാശയ്ക്കായി യുവജനങ്ങൾക്ക് 'യൂകാറ്റ് കുമ്പസാര' സഹായി വിതരണം ചെയ്തു

യുവജനജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിർക്കോ മാസിമോയിൽ ആഗസ്റ്റ് മാസം ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തുമണി മുതൽ അനുരഞ്ജനകൂദാശ സ്വീകരണം നടന്നു. തദവസരത്തിൽ കുമ്പസാരത്തിനു ശരിയായ ഒരുക്കം നടത്തുന്നതിന് സഹായകരമായ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകങ്ങൾ വിതരണം ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഒന്നാം തീയതി റോമിലെ ചിർക്കോ  മാസിമോയിൽ, യുവജന ജൂബിലിയോടനുബന്ധിച്ച് യുവജനങ്ങൾക്കായി, പാപമോചനദിനം സംഘടിപ്പിച്ചു. വിവിധ ഭാഷകളിൽ ആയിരത്തിനു മുകളിൽ വൈദികരാണ് അനുരഞ്ജന കൂദാശ പരികർമ്മം ചെയ്തത്. ജൂബിലിക്കായി എത്തിയ യുവജനങ്ങൾക്ക്, കുമ്പസാരത്തിനു ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിൽ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികൾ സൗജന്യമായി വിതരണം ചെയ്തു. യുവാക്കളെ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാണ്. . "യേശു നിങ്ങൾക്കായി തുറന്ന കൈകളോടെ കാത്തിരിക്കുന്നു," എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ച്ബിഷപ്പ് റിനോ ഫിസിക്കേലാ കുറിച്ചിരിക്കുന്നത്. യുവജനങ്ങൾക്ക് ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമെന്ന നിലയിൽ അനുരഞ്ജനകൂദാശയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ദൈവം തന്റെ അനന്തമായ സ്നേഹത്താലും കരുണയാലും നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ഈ കൂദാശയുടെ വ്യതിരിക്തതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 ലാണ് യൂകാറ്റ് ഫൌണ്ടേഷൻ ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഏകദേശം 100 പേജുകളുള്ള ഈ പുസ്തകം അനുരഞ്ജനകൂദാശയെക്കുറിച്ചുള്ള സമകാലികവും സൂക്ഷ്മവുമായ കാഴ്ചപ്പാട് നൽകുന്നു. ഒപ്പം ആത്മശോധനയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം (Aid to church  in need) എന്ന അന്താരാഷ്‌ട്ര സംഘടനയുടെ പിന്തുണയോടെയാണ് ഈ സംരംഭം സാധ്യമാക്കിയത്. കത്തോലിക്കാ വിശ്വാസത്തിന്റെ സൗന്ദര്യം, പ്രത്യേകിച്ച് അനുരഞ്ജനകൂദാശയിലൂടെ കണ്ടെത്തുവാനും, അനുഭവിക്കുവാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഓഗസ്റ്റ് 2025, 10:54