MAP

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ഒബ്‌സർവേറ്ററി സന്ദർശിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ഒബ്‌സർവേറ്ററി സന്ദർശിച്ചപ്പോൾ   (ANSA)

വത്തിക്കാൻ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു പുതിയ അധ്യക്ഷൻ

വത്തിക്കാൻ ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഇന്ത്യക്കാരനായ ഈശോസഭാ വൈദികൻ ഫാദർ റിച്ചാർഡ് ആന്റണി ഡിസൂസയെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജ്യോതിശ്ശാസ്ത്രമേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വത്തിക്കാൻ ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ പുതിയ അധ്യക്ഷനായി ഈശോസഭാ വൈദികനായ ഫാദർ റിച്ചാർഡ് ആന്റണി ഡിസൂസയെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. 2025 സെപ്റ്റംബർ 19 ന് അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ പത്തുവർഷങ്ങളായി കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ബ്രദർ ഗയ് കോൺസൽമഞ്ഞോ കാലാവധിപൂർത്തിയാക്കുന്നതിനെ തുടർന്നാണ് ഈ പുതിയ നിയമനം. ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തിനു മുൻപ് ഈ നിയമനത്തെ പറ്റിയുള്ള ആലോചനകൾ ആരംഭിച്ചിരുന്നു.

വത്തിക്കാൻ ഒബ്സർവേറ്ററിയുടെ അടുത്ത ഡയറക്ടറായി ഫാദർ ഡിസൂസയെ പരിശുദ്ധ പിതാവ് തിരഞ്ഞെടുത്തതിൽ തനിക്കുള്ള അതിയായ സന്തോഷം  ബ്രദർ ഗയ് കോൺസൽമഞ്ഞോ എടുത്തു പറഞ്ഞു. ജ്യോതിശാസ്ത്ര ഗവേഷണത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ഈ സമയത്ത്, പ്രത്യേകിച്ച് ബഹിരാകാശ ദൂരദർശിനികളിലും നൂതന കമ്പ്യൂട്ടേഷണൽ സാങ്കേതിക വിദ്യകളിലുമുള്ള അദ്ദേഹത്തിന്റെ അനുഭവം കണക്കിലെടുക്കുമ്പോൾ, ഗവേഷണകേന്ദ്രം  മുന്നോട്ട് കൊണ്ടുപോകാനുള്ള ദർശനവും, ജ്ഞാനവും ഫാദർ ഡിസൂസയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തുവർഷത്തെ നേതൃപാടവത്തിൽ, ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സംഭാഷണത്തിനും, ശാസ്ത്രീയ പ്രചാരണത്തിനും, അന്താരാഷ്ട്ര തലത്തിൽ ജ്യോതിശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമർപ്പണത്തിലൂടെ ബ്രദർ കോൺസൽമഞ്ഞോ തികച്ചും വ്യത്യസ്തനായിരുന്നുവെന്ന് ഫാദർ ഡിസൂസ പറഞ്ഞു.

ഇന്ത്യയിലെ ഗോവയിൽ 1978 ലാണ് ഫാ. ഡിസൂസ ജനിച്ചത്. 1996-ൽ അദ്ദേഹം ഈശോസഭയിൽ ചേരുകയും, 2011-ൽ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. മുംബൈ സർവകലാശാലയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും, ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്സിമിലിയൻ സർവകലാശാലയിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയനിൽ അംഗമാണ്  അദ്ദേഹം.  അടുത്തിടെ ഒരു ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരും നൽകിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഓഗസ്റ്റ് 2025, 08:19