MAP

പൊതുകൂടികാഴ്ച്ചാവേളയിൽ പാപ്പാ പൊതുകൂടികാഴ്ച്ചാവേളയിൽ പാപ്പാ   (ANSA)

കാസ്റ്റൽ ഗന്ധോൾഫോയിൽ പാവപ്പെട്ടവർക്ക് പാപ്പാ ഉച്ചഭക്ഷണം നൽകും

ആഗസ്റ്റ് മാസം പതിനേഴാം തീയതി, കാസ്റ്റൽ ഗന്ധോൾഫോയിലെ പൂന്തോട്ടത്തിൽ, അൽബാനോ രൂപത അതിർത്തിയിലുള്ള നൂറോളം പാവപ്പെട്ടവരുമായി ലിയോ പതിനാലാമൻ പാപ്പാ ഉച്ചഭക്ഷണം കഴിക്കും.

വത്തിക്കാൻ ന്യൂസ്

സമൂഹത്തിന്റെ അധസ്ഥിതവിഭാഗത്തിൽപ്പെട്ട  പാവപ്പെട്ട സഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ, ആഗസ്റ്റ് മാസം പതിനേഴാം തീയതി, ആദ്യമായി ഉച്ചഭക്ഷണം കഴിക്കും. തന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിലെ പൂന്തോട്ടത്തിലാണ്  ഉച്ചഭക്ഷണത്തിനുള്ള ഇടം ഒരുക്കുന്നത്. അന്നേദിവസം, ഉച്ചക്ക്, ലിബേർത്താ ചത്വരത്തിൽ നയിക്കുന്ന മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷമാണ്, ഉച്ചഭക്ഷണം. അൽബാനോ രൂപതയിലെ സാന്താ മരിയ ദെല്ല രൊത്തൊന്ദ ദേവാലയത്തിൽ അന്നേദിവസം പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും.

പാപ്പായോടൊപ്പം ഉച്ചഭക്ഷണത്തിനു ക്ഷണം ലഭിച്ചവർ, വളരെയധികം സന്തോഷത്തിലും, ആകാംക്ഷയിലും ആണെന്ന് രൂപതയുടെ കാരിത്താസ് ഡയറക്ടർ അലസ്സിയോ റോസി പറഞ്ഞു.  ഭവനരഹിതരായ ആളുകൾ, കുളിക്കാനും, ധരിക്കാൻ വൃത്തിയുള്ളതും മനോഹരവുമായ വസ്ത്രങ്ങൾക്കും അഭ്യർത്ഥനകൾ  നടത്തിയതായും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം സാധാരണക്കാരായ ആളുകളുടെ സന്തോഷം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽബാനോ രൂപതയുടെ അതിർത്തികൾ വിശാലമായതിനാൽ, നിരവധി ആളുകളാണ്, ഇന്നത്തെ സാഹചര്യത്തിൽ ദരിദ്രമായ അവസ്ഥകളിൽ ജീവിക്കുന്നത്. ഈ വ്യക്തികളെയെല്ലാം പ്രതിനിധീകരിച്ചുകൊണ്ടാണ് ഈ നൂറോളം ആളുകൾ പാപ്പായ്‌ക്കൊപ്പം ഉച്ചഭക്ഷണത്തിനായി ഒന്നിക്കുന്നതെന്നും അലസ്സിയോ പറഞ്ഞു. ജോലിയുണ്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാലോ തൊഴിൽപരമായ ബുദ്ധിമുട്ടുകൾ മൂലമോ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത ആളുകൾ നിരവധിയുണ്ടെന്നും, ഇവരുടെ ഉന്നമനത്തിനായി രൂപത  പരമാവധി സേവനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഓഗസ്റ്റ് 2025, 12:30