MAP

ഡോ. പൗളോ റുഫീനി ഡോ. പൗളോ റുഫീനി  

സഭയുടെ ആശയവിനിമയത്തിന്റെ രഹസ്യമാണ് കൂട്ടായ്മ: ഡോ. പൗളോ റുഫീനി

ആഫ്രിക്കൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടനയുടെ (UCAP) സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വത്തിക്കാന്റെ മാധ്യമവിഭാഗ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി സന്ദേശമയച്ചു. സന്ദേശത്തിൽ, ആധുനികയുഗത്തിലെ, നിർമ്മിതബുദ്ധിയുടെ ഉപയോഗത്തെയും, മാധ്യമ സാധ്യതകളെയും, മാധ്യമ രംഗത്തെ കത്തോലിക്കാ സഭാ മാതൃകയെയും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"സാങ്കേതിക പുരോഗതിയും നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മാനുഷിക മൂല്യങ്ങളുടെ സംരക്ഷണവും" എന്ന പ്രമേയത്തിന്മേൽ ആഗസ്റ്റ് മാസം 10 മുതൽ 17 വരെ ഘാനയിലെ ആക്രയിൽ സമ്മേളിക്കുന്ന ആഫ്രിക്കൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടനയുടെ  (UCAP) അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, വത്തിക്കാന്റെ മാധ്യമവിഭാഗ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനിയുടെ സന്ദേശം വായിക്കപ്പെട്ടു. വത്തിക്കാനുമായി  അഭേദ്യബന്ധം പുലർത്തുന്ന സംഘടനയ്ക്ക് വളരെ പ്രത്യേകമായി അദ്ദേഹം നന്ദിയർപ്പിച്ചു.

ആശയ വിനിമയം എന്ന വാക്കിന്റെ ലത്തീൻ മൂലപദങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്. ഒരുമിച്ച് എന്നർത്ഥം വരുന്ന കും, (CUM) സമ്മാനം എന്നർത്ഥം വരുന്ന (MUNUS) എന്നീ രണ്ടു പദങ്ങൾ  കൂടിചേർന്നാണ്  ആശയവിനിമയം എന്ന പദം രൂപം കൊണ്ടതെന്നു പറഞ്ഞ അദ്ദേഹം, ആശയവിനിമയത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള കൂട്ടായ്‌മയിൽ നടത്തേണ്ടുന്ന സമർപ്പണമാണെന്നു അടിവരയിട്ടു. ആദിമ ക്രിസ്ത്യാനികളുടെ ആശയവിനിമയത്തിന്റെ പ്രാഥമിക സ്രോതസ് ഇതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൂട്ടായ്മയാണ് നമ്മെ പരസ്പരം അംഗങ്ങളാക്കുന്നത്. സഭയുടെ ആശയവിനിമയത്തിന്റെ രഹസ്യമാണ് കൂട്ടായ്മ. അതിനാൽ സഭയുമായി ആശയവിനിമയം നടത്തുക എന്നതിനർത്ഥം ഈ കൂട്ടായ്മയിൽ  നിരന്തരം നിലനിൽക്കുക, ആശയവിനിമയ ഉപകരണങ്ങളായി നമ്മെത്തന്നെ സമർപ്പിക്കുക, ഐക്യത്തിന് സാക്ഷ്യം വഹിക്കുക എന്നുള്ളവയാണെന്നും ഡോ. പൗളോ പറഞ്ഞു.

തുടർന്ന് ആധുനികയുഗത്തിൽ നിർമ്മിത ബുദ്ധി ചെലുത്തുന്ന സ്വാധീനത്തെ എടുത്തു പറഞ്ഞ അദ്ദേഹം, എല്ലാറ്റിനെയും തകർക്കുന്ന ഒരു ആധിപത്യ സംവിധാനം സൃഷ്ടിക്കുന്നതിൽ നമ്മെത്തന്നെ സംരക്ഷിക്കണമെന്നും ഊന്നിപ്പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ ഉപയോഗം കൂടുതൽ മനുഷ്യരാകാൻ നമ്മെ സഹായിക്കുമോ അല്ലെങ്കിൽ നമ്മുടെ മാനവികതയെ വിലകുറയ്ക്കാൻ കാരണമാകുമോ എന്ന ചോദ്യം നമ്മോടുതന്നെ ചോദിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധി  വളരെയധികം സ്വാധീനിക്കപ്പെടുന്ന ഒരു ലോകത്ത് മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെ സമ്മേളനം ചർച്ച ചെയ്യണമെന്നും, നാനാത്വത്തിൽ ഏകത്വം സൃഷ്ടിക്കുന്ന യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരു പ്രത്യേക അവസരം കൂടിയാണ് ഈ കോൺഗ്രസ് സമ്മാനിക്കുന്നതെന്നും പൗളോ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഓഗസ്റ്റ് 2025, 12:33