MAP

മോൺ. ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോ മോൺ. ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോ 

ഹൈറ്റിയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടാനുള്ള "അമേരിക്കൻ രാജ്യങ്ങളുടെ സംഘടന"യുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി പരിശുദ്ധ സിംഹാസനം

മാനവികപ്രതിസന്ധിയിലൂടെയും കടുത്ത ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന ഹൈറ്റിയിലെ ജനങ്ങൾക്ക്, സുസ്ഥിരവും സമാധാനപരവുമായ ജീവിതം സാധ്യമാക്കാൻവേണ്ടി, "അമേരിക്കൻ രാജ്യങ്ങളുടെ സംഘടന" മുന്നോട്ടുവച്ച മാർഗ്ഗരേഖയ്ക്ക് പിന്തുണയുമായി ഈ അന്താരാഷ്ട്ര സംഘടനയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺ. സെറാനോ. ഓഗസ്റ്റ് 20-ന് സംഘടനയുടെ ആസ്ഥാനമായ വാഷിങ്ടണിൽ നടന്ന സമ്മേളനത്തിലാണ് വത്തിക്കാൻ നയതന്ത്രവിഭാഗം പ്രതിനിധി, ഹൈറ്റിയിലെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ അഭിനന്ദിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രാദേശിക, അന്തർദേശീയ പിന്തുണയോടെ, ഹൈറ്റിയിലെ ജനങ്ങൾക്ക് സുസ്ഥിരവും സമാധാനപരവുമായ ജീവിതം സാധ്യമാക്കാൻവേണ്ടി, അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളുമുൾപ്പെടുന്ന "അമേരിക്കൻ രാജ്യങ്ങളുടെ സംഘടന" ഒരു മാർഗ്ഗരേഖ മുന്നോട്ട് വെച്ചതിൽ പിന്തുണയും അഭിനന്ദനവുമറിയിച്ച് പരിശുദ്ധ സിംഹാസനം. ഓഗസ്റ്റ് 20-ന് ഈ അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ വാഷിങ്ടണിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, സംഘടനയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  സ്ഥിരം നിരീക്ഷകൻ മോൺ. ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോയാണ്, സംഘടനയുടെ ജനറൽ സെക്രെട്ടറി ആൽബർട്ട് റാംദിൻ സമർപ്പിച്ച പദ്ധതിയെ അഭിനന്ദിച്ചത്.

ഹൈറ്റി കടന്നുപോകുന്ന നാടകീയവും ദുരിതപൂർണ്ണവുമായ അവസ്ഥയെ വ്യക്തമാക്കുന്നതും, അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതുമാണ് "അമേരിക്കൻ രാജ്യങ്ങളുടെ സംഘടന" മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗരേഖയെന്ന് തന്റെ പ്രഭാഷണത്തിൽ മോൺ. സെറാനോ അഭിപ്രായപ്പെട്ടു.

ഹൈറ്റിയിലെ ജനങ്ങൾ കടന്നുപോകുന്ന ദുരിതാവസ്ഥ അനുദിനം നിരാശാജനകമായി വരികയാണെന്നും, തുടർച്ചയായി കൊലപാതകങ്ങളുടെയും, വിവിധ തരം അക്രമങ്ങളുടെയും, ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെയും, നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെയും വാർത്തകളാണ് അവിടെനിന്ന് വരുന്നതെന്നും ഓഗസ്റ്റ് 10-ആം തീയതി, വത്തിക്കാനിൽ മധ്യാഹ്നപ്രാർത്ഥന നയിച്ച വേളയിൽ ലിയോ പതിനാലാമൻ പാപ്പാ അപലപിച്ചത് വത്തിക്കാൻ പ്രതിനിധി തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഹൈറ്റിയിലെ ജനങ്ങൾക്ക് സമാധാനപൂർവ്വം ജീവിക്കാൻ സാധിക്കുന്ന സാമൂഹ്യവ്യവസ്ഥ ഉണ്ടാക്കിയെടുക്കേണ്ടതിന് അന്താരാഷ്ട്രസമൂഹത്തിന്റേതുൾപ്പെടെയുള്ള സഹായവും പിന്തുണയും ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

കരീബിയൻ രാജ്യമായ ഹൈറ്റി കടന്നുപോകുന്ന സുരക്ഷാ-സാമൂഹിക പ്രതിസന്ധിക്ക് അന്താരാഷ്ട്രസമൂഹത്തിന്റേയും സംഘടനകളുടെയും സഹകരണത്തോടെ പരിഹാരം തേടാനുള്ള  "അമേരിക്കൻ രാജ്യങ്ങളുടെ സംഘടന"യുടെ പരിശ്രമങ്ങളെ വത്തിക്കാൻ പ്രതിനിധി അഭിനന്ദിച്ചു.

രാജ്യത്തെ പ്രതിസന്ധിയെക്കുറിച്ച് ഹൈറ്റിയിലെ മെത്രാൻസമിതി ജൂലൈ 23-ന് പ്രസിദ്ധീകരിച്ച പ്രസ്താവനയെക്കുറിച്ച് പരാമർശിച്ച വത്തിക്കാൻ പ്രതിനിധി, ഹൈറ്റിയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനായുള്ള ശ്രമങ്ങൾക്ക് പരിശുദ്ധസിംഹാസനത്തിന്റെ സാമീപ്യം ഉറപ്പുനൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഓഗസ്റ്റ് 2025, 15:01