MAP

സമാധാനഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ സമാധാനഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ 

ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം: 2026-ലെ ആഗോളസമാധാനത്തിനസന്ദേശത്തിന്റെ പ്രമേയം

"സമാധാനം നിങ്ങളേവരോടും കൂടെ: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ ഒരു സമാധാനത്തിലേക്ക്" എന്നതായിരിക്കും 2026-ലെ ലോകസമാധാനത്തിനസന്ദേശത്തിന്റെ പ്രമേയമെന്ന് സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി ഓഗസ്റ്റ് 26 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈനിലും ഗാസാ മുനമ്പിലുമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതവും മരണവും വിതച്ചുകൊണ്ട് സായുധസംഘർഷങ്ങളും യുദ്ധങ്ങളും തുടരുന്നതിനിടെ അടുത്ത വർഷത്തെ ആഗോളസമാധാനദിനത്തിലേക്കുള്ള സന്ദേശത്തിന്റെ പ്രമേയം വെളിപ്പെടുത്തി സമഗ്ര മാനവികവികസന സേവനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി. "സമാധാനം നിങ്ങളേവരോടും കൂടെ: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ ഒരു സമാധാനത്തിലേക്ക്" എന്നതായിരിക്കും 2026-ലെ ആഗോളസമാധാനത്തിനസന്ദേശത്തിന്റെ പ്രമേയം.

സ്നേഹത്തിലും നീതിയിലും അടിസ്ഥാനമിട്ട യഥാർത്ഥ സമാധാനത്തെ ആശ്ലേഷിക്കാനും, അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തിയെ നിരസിക്കാനും മാനവികതയെ ക്ഷണിക്കുന്നതാണ് ലിയോ പതിനാലാമൻ പാപ്പാ 2026-ലെ ആഗോള സമാധാനദിനത്തിലേക്കായി തയ്യാറാക്കുന്ന സന്ദേശമെന്ന് ഡികാസ്റ്ററി പ്രസ്താവിച്ചു. ലിയോ പതിനാലാമൻ പാപ്പാ ആഗോള സമാധാനദിനത്തിലേക്കായി നൽകുന്ന ആദ്യസന്ദേശമാണ് ഇതെന്ന പ്രത്യേകതകൂടി ഇത്തവണത്തെ സന്ദേശത്തിനുണ്ടായിരിക്കും.

ആധികാരികവും യാഥാർത്ഥവുമായ സമാധാനം ആയുധരഹിതമായിരിക്കണമെന്ന് പത്രക്കുറിപ്പിലൂടെ ഡികാസ്റ്ററി ഓർമ്മിപ്പിച്ചു. ഭയത്തിലോ ഭീഷണിയിലോ ആയുധങ്ങളിലോ അടിസ്ഥാനമിട്ട ഒരു സമാധാനമായിരിക്കരുത് അതെന്ന് ഡികാസ്റ്ററി വിശദീകരിച്ചു. എന്നാൽ അതേസമയം നിരായുധീകരിക്കുന്ന ഒരു സമാധാനമാണ് നമുക്ക് ആവശ്യമെന്നും, സംഘർഷങ്ങൾക്ക് അയവു വരുത്താനും, മറ്റുള്ളവരിലേക്ക് ഹൃദയങ്ങളെ തുറക്കാനും അവിടെ വിശ്വാസവും സഹാനുഭൂതിയും പ്രത്യാശയും ജനിപ്പിക്കാനും കഴിവുള്ളതായിരിക്കണം അതെന്നും ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.

സമാധാനത്തിനായി ക്ഷണിക്കുക എന്നതിനപ്പുറം, പ്രത്യക്ഷത്തിലുള്ളതും, ഘടനാപരവുമായ എല്ലാത്തരം അക്രമങ്ങളെയും നിരസിക്കുന്ന ഒരു ജീവിതശൈലി ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി പ്രസ്താവിച്ചു.

"സമാധാനം നിങ്ങളോടുകൂടെ" എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അഭിവാദ്യം എല്ലാവർക്കും, വിശ്വാസികൾക്കും അവിശ്വാസികൾക്കും, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർക്കും പൗരന്മാർക്കും വേണ്ടിയുള്ള ഒരു വിളിയാണെന്നും, ഇത് ദൈവരാജ്യം പടുത്തുയർത്താനും, മാനവികവും സമാധാനപരവുമായ ഒരു ഭാവി ഉണ്ടാക്കിയെടുക്കുന്നത് ലക്ഷ്യമാക്കിയുള്ളതുമാണെന്നും ഡികാസ്റ്ററി കൂട്ടിച്ചേർത്തു.

ആഗോളസമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും പ്രവർത്തനങ്ങൾക്കും ക്ഷണിച്ചുകൊണ്ട്, എല്ലാ വർഷവും ജനുവരി 1 ന് കത്തോലിക്കാ സഭ മുന്നോട്ടുവയ്ക്കുന്ന ഒരു അനുസ്മരണദിനമാണ് ആഗോളസമാധാന ദിനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2025, 14:39