MAP

കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്,മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി , ചിലിയിലെ തെമുക്കോയിൽ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്,മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി , ചിലിയിലെ തെമുക്കോയിൽ 

സമാധാന സരണികൾ തീർക്കുന്നതിൽ മതങ്ങൾക്ക് സവിശേഷ പങ്കുണ്ട്, കർദ്ദിനാൾ കൂവക്കാട്.

തെക്കെ അമേരിക്കൻ നാടായ ചിലിയിൽ, തെമൂക്കൊയിലെ കത്തോലിക്കാസർവ്വകലാശാലയിൽ സമാധാനത്തെ അധികരിച്ച് ദ്വിദിന അന്താരാഷ്ട്ര സമ്മേളനം നടന്നു. മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സമ്മേളനത്തെ സംബോധന ചെയ്തു. “സമാധാനത്തിലേക്കുള്ള വഴി. മതങ്ങളും സംസ്കാരങ്ങളും സംഭാഷണത്തിൽ” എന്നതായിരുന്നു ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനത്തിലേക്കുള്ള പാതകൾ പണിയുന്നതിൽ മതങ്ങളും സംസ്കാരങ്ങളും നിസ്സംശയമായും ബഹുമുഖവും പ്രമുഖവുമായ പങ്ക് വഹിക്കുന്നുവെന്ന് മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പ്രസ്താവിച്ചു.

തെക്കെ അമേരിക്കൻ നാടായ ചിലിയിൽ, തെമൂക്കൊയിലെ കത്തോലിക്കാസർവ്വകലാശാലയിൽ  സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്താരാഷ്ട്ര സമാധാനസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “സമാധാനത്തിലേക്കുള്ള വഴി. മതങ്ങളും സംസ്കാരങ്ങളും സംഭാഷണത്തിൽ” എന്നതായിരുന്നു ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ഭിന്ന മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള ആളുകൾക്കിടയിൽ കൂടുതൽ നീതിയുക്തവും മാനുഷികവും സാഹോദര്യപരവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംഭാഷണത്തിനും സഹകരണത്തിനും വേണ്ടി നിലകൊള്ളുകയും  അവ സുഗമമാക്കുകയും ചെയ്തുകൊണ്ടാണ് മതങ്ങളും സംസ്കാരങ്ങളും സമാധാനസരണികൾ പണിയുന്നതെന്ന് കർദ്ദിനാൾ മാർ കൂവക്കാട് പറഞ്ഞു.

സകലയിടത്തും സമാധാനം കെട്ടിപ്പടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് സഭയുടെ ദൗത്യത്തിൻറെ ഒരു കേന്ദ്ര മാനമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവവുമായും പരസ്പരവും മാനവരാശിയുടെ ബന്ധം പുനഃസ്ഥാപിക്കാൻ വന്ന (cf. യോഹന്നാൻ 3:16) സമാധാനംതന്നെയായ ക്രിസ്തുവിൻറെ പരിത്രാണ ദൗത്യത്തിൽ പങ്കെടുക്കാനും മുന്നോട്ട് പോകാനുമുള്ള സഭയുടെ മൗലിക വിളിയിലാണ് ഈ ദൗത്യം വേരൂന്നിയിരിക്കുന്നതെന്ന് കർദ്ദിനാൾ മാർ കൂവക്കാട് പ്രസ്താവിച്ചു.

ഈ ദൗത്യനിർവ്വഹണത്തിന് സഭ പലവഴികൾ തേടുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം സത്യം, നീതി, കാരുണ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാർവ്വത്രിക സാഹോദര്യവും സാമൂഹിക സൗഹൃദവും, സംഭാഷണവും സഹകരണവും ഊട്ടിവളർത്തുന്നതിലൂടെയും സംഘർഷ പരിഹാരവും അനുരഞ്ജനവും, മാനവിക സഹായവും വികസന സേവനങ്ങളും ഉറപ്പുവരുത്തുന്നതിലൂടെയും സഭ ഇതു ചെയ്യുന്നത് ഉദാഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഓഗസ്റ്റ് 2025, 12:29