MAP

സമ്മേളനത്തിൽ കർദിനാൾ പരോളിൻ സമ്മേളനത്തിൽ കർദിനാൾ പരോളിൻ  

"ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അസംബന്ധം": കർദിനാൾ പരോളിൻ

ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ പഠനവാരത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ കർദിനാൾ പിയെത്രോ പരോളിൻ ഗാസയിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

വത്തിക്കാൻ ന്യൂസ്

ഗാസ മുനമ്പിൽ  ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മറുപടി നൽകി. ലോകം മുഴുവൻ അപലപിച്ചിട്ടും ഗാസയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണെന്നും, അവിടെ നടക്കുന്ന ആക്രമണങ്ങൾ അസംബന്ധം ആണെന്നും കർദിനാൾ അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ പഠനവാരത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ വേളയിലാണ്, മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്.

ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 5 പത്രപ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. ഇത്തരത്തിൽ ഇസ്രായേൽ ആക്രമണങ്ങൾ നടത്തുകയാണെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയും,  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുമില്ലെന്ന് കർദിനാൾ മറുപടി പറഞ്ഞു.

തുടർന്ന് ഉക്രൈനിന്റെ സാഹചര്യവും, കർദിനാൾ വിശദീകരിച്ചു. സൈദ്ധാന്തികമായ പരിഹാരമാർഗങ്ങൾ അവിടെ ആവശ്യമാണെന്നും, അതിനു രാഷ്ട്രീയ സാഹചര്യങ്ങൾ ഒരുക്കണമെന്നും, സമാധാനം കൈവരിക്കാൻ സ്വീകരിക്കാവുന്ന നിരവധി പാതകളെ  പ്രായോഗികമാക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.

മുഴുവൻ ലോകത്തിനും പ്രത്യാശ ആവശ്യമാണെന്നതിനാൽ വ്യക്തമായ ഒരു ആത്മീയ മനോഭാവവും ഇക്കാര്യത്തിൽ ആവശ്യമാണെന്നും, പ്രത്യാശയുടെ ജൂബിലി വർഷം  ഇതിനു സഹായിക്കട്ടെയെന്നും കർദിനാൾ ആശംസിച്ചു. സംഘർഷ സാഹചര്യങ്ങളിൽ സമാധാന പ്രക്രിയകൾ ആരംഭിക്കുന്നതിൽ  ബുദ്ധിമുട്ടുകൾ  ഉണ്ടെന്നിരിക്കിലും, സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും കർദിനാൾ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഓഗസ്റ്റ് 2025, 12:53