MAP

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ  (ANSA)

നിരവധി സ്വാർത്ഥതാത്പര്യങ്ങൾ ഗാസയിലെ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നു: കർദ്ദിനാൾ പരൊളീൻ

ലിയോ പാപ്പാ ആവശ്യപ്പെട്ടതുപോലെ വിശുദ്ധ നാടുൾപ്പെടെ മദ്ധ്യപൂർവ്വദേശങ്ങളിൽ "കൂട്ടശിക്ഷ" ഒഴിവാക്കണമെന്നും, വെടിനിറുത്തൽ എത്രയും വേഗം നടപ്പിലാക്കണമെന്നും, സുരക്ഷിതമായി മാനവികസഹായമെത്തിക്കുന്നത് സാധ്യമാക്കണമെന്നും കർദ്ദിനാൾ പരൊളീൻ. ഓഗസ്റ്റ് 27-ന് പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഗാസയിലെ പ്രശ്‌നപരിഹാരത്തിന് തടസ്സമായി പലരുടെയും താത്പര്യങ്ങൾ നിൽക്കുന്നുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി അപലപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെയും വിശുദ്ധ നാട്ടിലെ പാത്രിയർക്കീസുമാരുടെയും പ്രസ്താവനകൾ പങ്കുവച്ചും, ഗാസായിലെ പ്രശ്നപരിഹാരത്തിനായി സ്വരമുയർത്തിയും കർദ്ദിനാൾ പിയെത്രോ പരൊളീൻ. ഗാസാ പ്രശ്നത്തിന് പരിഹാരമാർഗ്ഗങ്ങൾ ഏറെയുണ്ടെങ്കിലും, പലരുടെയും രാഷ്ട്രീയ, സാമ്പത്തിക, അധികാര താത്പര്യങ്ങളാണ് അതിന് തടസ്സമായി നിൽക്കുന്നതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി അപലപിച്ചു. വിശുദ്ധ മോനിക്കയുടെ തിരുനാൾ ദിനമായ ഓഗസ്റ്റ് 27-ന് വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കാനെത്തിയ അവസരത്തിൽ, പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗാസായിൽനിന്ന് ഒഴിഞ്ഞുപോകാൻ അവിടെയുള്ള ഓർത്തഡോക്സ് ഇടവകയിലെ വിശ്വാസികളോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും, പ്രദേശത്തുള്ള സമർപ്പിതരുടെയും ക്രൈസ്തവവിശ്വാസികളുടെയും സുരക്ഷയെ സംബന്ധിച്ചും സംസാരിക്കവെ, ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തികളുമാണെന്നും, എന്നാൽ അവിടെത്തന്നെ തുടരാനുള്ള ആളുകളുടെ തീരുമാനം ശക്തമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാസാ പ്രശ്നവും നയതന്ത്ര ഇടപെടലുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഇതുസംബന്ധിച്ച് എംബസ്സി വഴി അമേരിക്കൻ ഭരണകൂടവുമായി പരിശുദ്ധ സിംഹാസനം ബന്ധപ്പെടുന്നുണ്ടെന്നും, ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സആറിന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് ശേഷം, ലിയോ പാപ്പാ ആവശ്യപ്പെട്ടിരുന്നതുപോലെ വെടിനിറുത്തൽ ഉണ്ടാകുമെന്നും, പ്രദേശത്ത് സുരക്ഷിതമായി മാനവികസഹായമെത്തിക്കുന്നത് സാധ്യമാകുമെന്നും, അന്താരാഷ്ട്രമാനവികാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും, കൂട്ടയായ ശിക്ഷ ഉണ്ടാകില്ലെന്നുമാണ് താനും പ്രതീക്ഷിക്കുന്നതെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ പ്രസ്താവിച്ചു.

ഗാസായിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെ, ഇസ്രായേൽ ഗവണ്മെന്റ് തങ്ങളുടെ അഭിപ്രായത്തിൽനിന്ന് പിന്നോട്ടുപോകുന്ന ലക്ഷണങ്ങൾ ഒന്നും ഇതുവരെ നൽകിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ വലിയ ശുഭപ്രതീക്ഷകൾ ഇല്ലെന്നും, എന്നാൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടാകണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ അഭിപ്രായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരണവും നാശവും വിതച്ചുകൊണ്ട് വിശുദ്ധനാട്ടിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും തടവുകാരായി പിടിച്ചുകൊണ്ടുപോയവരെ വിട്ടയക്കാനും ഓഗസ്റ്റ് 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ ലിയോ പാപ്പാ അഭ്യർത്ഥന നടത്തിയതും, നിലവിലെ തുടർച്ചയായ സംഘർഷങ്ങൾക്കും യുദ്ധത്തിനും അറുതിവരുത്തണമെന്നും ആളുകളുടെ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ്, ലത്തീൻ പാത്രിയർക്കീസുമാർ നടത്തിയ സംയുക്തപ്രസ്താവനയും കർദ്ദിനാൾ പരൊളീൻ പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2025, 14:44