പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച് സിനഡാത്മകതയിൽ വളരുക: പെറുവിലെ സഭയോട് കർദ്ദിനാൾ ഗ്രെക്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മെത്രാന്മാരുടെ പ്ലീനറി അസ്സംബ്ലി, ഒരു കൃപയുടെ വേദിയാണെന്നും, ഇടയന്മാരുടെ ഹൃദയത്തിലൂടെ സഭയോട് പരിശുദ്ധാത്മാവ് സംസാരിക്കുന്ന സമയമാണതെന്നും സിനഡ് ജനറൽ സെക്രെട്ടറിയേറ്റിന്റെ ജനറൽ സെക്രെട്ടറി കർദ്ദിനാൾ മാരിയോ ഗ്രെക് പ്രസ്താവിച്ചു. ഓഗസ്റ്റ് 18 മുതൽ 21 വരെ തീയതികളിൽ പെറുവിലെ ലീമയിൽ നടന്ന മെത്രാന്മാരുടെ നൂറ്റിയിരുപത്തിയൊൻപതാമത് പൊതുസമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് പരിശുദ്ധാത്മാവ് ഉള്ളിലുണർത്തുന്ന സന്ദേശങ്ങൾ സ്വീകരിച്ചും സിനാഡാത്മകസഭയായും വളർന്നുവരാൻ കർദ്ദിനാൾ ഗ്രെക് മെത്രാന്മാരെ ഉദ്ബോധിപ്പിച്ചത്.
ഐക്യത്തിന്റെയും ആത്മീയമായ വിവേചനത്തിന്റെയും മനോഭാവത്തോടെ സിനഡാത്മകമായി വളർന്നുവരാൻ ശ്രമിക്കുന്ന പെറുവിലെ മെത്രാൻസമിതിയുടെ പ്രവർത്തനങ്ങളെ ശ്ലാഖിച്ച സിനഡ് ജനറൽ സെക്രെട്ടറി, സിനഡിന്റെ ഫലങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിന്റെ ഭാഗമാണിതെന്ന് ഓർമ്മിപ്പിച്ചു.
"പരിശുദ്ധാത്മാവിലുള്ള പരസ്പരസംഭാഷണം" എന്ന ചിന്തയിലൂന്നിയ ഇത്തവണത്തെ സിനഡ് സമ്മേളനം ആധികാരികമായ സഭാത്മകമാർഗ്ഗത്തിലേക്കാണ് നയിക്കുന്നതെന്നും, വാക്കുകളിലൂടെ മാത്രമല്ല, നിശ്ശബ്ദതയിലൂടെയും അവബോധങ്ങളിലൂടെയും, സഹോദര്യപൂർണ്ണമായ സംവാദങ്ങളിലൂടെയുമയരുന്ന ആത്മീയവികാരങ്ങളിലൂടെയും നിങ്ങളെക്കുറിച്ചുതന്നെ വിചിന്തനം ചെയ്യാൻ ഇതുപകരിക്കട്ടെയെന്നും കർദ്ദിനാൾ ഗ്രെക് ആശംസിച്ചു.
പരിശുദ്ധാത്മാവിന്റെ കീഴിലുള്ള പ്രവർത്തനം വഴി, വെറുമൊരു സമ്മേളനമെന്നതിനേക്കാൾ ഒരു ആത്മീയാധ്യാനത്തിന്റെ സ്വഭാവമാണ് മെത്രാൻസമിതിയുടെ ഈ സമ്മേളനം കൈവരിക്കുന്നതെന്ന് സിനഡ് ജനറൽ സെക്രെട്ടറി ഓർമ്മിപ്പിച്ചു.
മെയ് 8-ആം തീയതി ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചതുപോലെ, നാം മിഷനറിയും, പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയുന്നതും, സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, ഏവർക്കും നേരെ തുറന്ന മനോഭാവമുള്ളതും, ഏവരെയും സ്വീകരിക്കുന്നതുമായ ഒരു സഭയാണെന്നത് മറക്കാതിരിക്കാമെന്ന് കർദ്ദിനാൾ ഗ്രെക് തന്റെ സന്ദേശത്തിൽ മെത്രാന്മാരെ അനുസ്മരിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: