വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ബുറുണ്ടി സന്ദർശനം ആരംഭിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ബുറുണ്ടി രാഷ്ട്രവുമായുള്ള വത്തിക്കാന്റെ 60 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ ജൂബിലി സമാപനത്തിനും, 2003 ൽ വധിക്കപ്പെട്ട ഐറിഷ് ആർച്ച്ബിഷപ്പും, വത്തിക്കാൻ പ്രതിനിധിയുമായിരുന്ന മൈക്കൽ അയ്ഡൻ കോർട്നിയുടെ സ്മരണാർത്ഥം പണികഴിപ്പിക്കുന്ന ആരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനത്തിനും, മറ്റു നയതന്ത്ര ബന്ധങ്ങൾ ഊഷ്‌മളമാക്കുന്നതിനും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ബുറുണ്ടിയിലെത്തി. ആഗസ്റ്റ് മാസം പന്ത്രണ്ടിന് ആരംഭിച്ച സന്ദർശനം പതിനെട്ടാം തീയതി അവസാനിക്കുമെന്ന്, സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ചു. ബുറുണ്ടിയിലെ പ്രാദേശിക സഭയുടെയും, രാഷ്ട്ര ഭരണാധികാരികളുടെയും ക്ഷണപ്രകാരമാണ് കർദിനാൾ ബുറുണ്ടിയിൽ എത്തിയത്.
ആഭ്യന്തരയുദ്ധത്താൽ തകർന്ന ബുറുണ്ടി രാജ്യത്തേക്ക്, ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ആർച്ചുബിഷപ്പ് കോർട്നിയെ തന്റെ പ്രതിനിധിയായി അയച്ചത്. 2003 നവംബറിൽ ബുറുണ്ടിയൻ സർക്കാരും ഹുട്ടു വിമതരും തമ്മിലുള്ള കരാറിൽ എത്തിച്ചേരുന്നതിൽ ആർച്ചുബിഷപ്പ് പ്രധാന പങ്കുവഹിച്ചു. ക്യൂബയിലെ സ്ഥാനപതിയായി നിയമിതനായെങ്കിലും, അല്പകാലം കൂടി ബുറുണ്ടിയിൽ പൂർണ്ണമായ സമാധാനം പ്രതീക്ഷിച്ചു തങ്ങുന്നതിനിടെയാണ്, കാറിൽ സഞ്ചരിക്കവേ അക്രമികളുടെ വെടിവയ്പ്പിൽ ജീവൻ ഹോമിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് അൻപത്തിയെട്ടു വയസായിരുന്നു.
സന്ദർശനത്തിനെത്തിയ കർദിനാൾ, ആഗസ്റ്റ് 13 നു ബുറുണ്ടിയിലെ മെത്രാന്മാർക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കും. അതേത്തുടർന്ന്, മെത്രാന്മാരുമായി കൂടിക്കാഴ്ച്ചയും നടത്തും. ബുറുണ്ടിയുടെ പ്രസിഡന്റ് എവരിസ്റ്റ ഡായ്ഷിമിയെ സന്ദർശിച്ച്, മെത്രാൻ സമിതിയും സർക്കാരും തമ്മിലുള്ള ചില കരാറുകളിൽ ഒപ്പുവയ്ക്കും. ആഗസ്റ്റ് 15 നു, മുഗേരയിലെ മരിയൻ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും.
ആഗസ്റ്റ് പതിനാറു ശനിയാഴ്ച്ച, സെമിനാരി വിദ്യാർത്ഥികളുമായും, സന്യാസസഭയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും, മോൺസിഞ്ഞോർ മൈക്കൽ കോർട്ട്നിയുടെ സ്മാരകത്തിന്റെ ഉദ്ഘാടനവും നടത്തുമെന്നും, എക്‌സിൽ അറിയിച്ചു. ഓഗസ്റ്റ് 17 ഞായറാഴ്ച, ബുറുണ്ടിയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വർഷത്തെ ജൂബിലിയുടെ സമാപന ദിവ്യബലിയിൽ കർദിനാൾ പരോളിൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പതിനെട്ടിന് സന്ദർശനം അവസാനിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: