MAP

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

ദാരിദ്ര്യം, വികസ്വര കരനാടുകളുടെ വികസനത്തിന് വിഘാതം, ആർച്ചുബിഷപ്പ് കാച്ച.

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച., കരനാടുകളെ അധികരിച്ച് ടർക്ക്മെനിസ്ഥാനിലെ അവ്വാത്സയിൽ നടന്ന മൂന്നാം അന്താരാഷ്ട്രസമ്മേളനത്തെ ആറാം തീയതി ബുധനാഴ്ച സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വികസ്വരകരനാടുകളുടെ വികസനത്തിന് മുഖ്യ വെല്ലുവിളി ദാരിദ്ര്യമാണെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

കരനാടുകളെ അധികരിച്ച് ടർക്ക്മെനിസ്ഥാനിലെ അവ്വാത്സയിൽ നടന്ന മൂന്നാം അന്താരാഷ്ട്രസമ്മേളനത്തെ ആറാം തീയതി ബുധനാഴ്ച (06/08/25) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദ്രാതിർത്തികളില്ലാത്ത പല വികസ്വരനാടുകളിലും ദാരിദ്ര്യം വ്യാപകവും ബഹുമുഖവുമാണെന്നും ഇത് അന്നാടുകളുടെ സാമ്പത്തിക സാധ്യതകളെ തടസ്സപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതിലൂടെ ഓരോ മനുഷ്യൻറെയും ദൈവദത്തമായ ഔന്നത്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്നുവെന്നും ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യം പ്രത്യേകിച്ച് രൂക്ഷമാണെന്നും അവിടെ ആളുകൾക്ക് പലപ്പോഴും അവശ്യ സേവനങ്ങളും അവസരങ്ങളും ലഭ്യമല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ തരത്തിലുള്ള സാംസ്കാരിക-അവകാശ നിഷേധങ്ങളിൽ നിന്നാണ് ഈ ദാരിദ്ര്യത്തിൻറെ ഉത്ഭവം എന്നു പറയുന്ന ആർച്ച്ബിഷപ്പ് കാച്ച, വ്യക്തികളുടെ വിദ്യാഭ്യാസവും വികസനവും എല്ലാ സാമൂഹിക പ്രവർത്തനങ്ങളുടെയും ഒരു പ്രധാന ഔത്സുക്യമായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു

അന്യായവാണിജ്യമാണ് പല വികസ്വരകരനാടുകളുടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വ്യവസ്ഥാപിതമായ ഒരു തടസ്സം എന്ന് കുറ്റപ്പെടുത്തുന്ന അദ്ദേഹം, ശരിയായ രീതിയിലുള്ള അന്താരാഷ്ട്ര വ്യാപാരം  വികസനം പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ഉപയോഗപ്രദമായ വിഭവങ്ങൾ പ്രദാനംചെയ്യുകയും ചെയ്യും എന്ന ബോധ്യം പ്രകടപ്പിക്കുന്നു. ഇതു സംഭവിക്കണമെങ്കിൽ, വ്യവസായത്തെ നീതിയിലും ഐക്യദാർഢ്യത്തിലും അധിഷ്ഠിതമായി രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ആർച്ചുബിഷപ്പ് കാച്ച ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഓഗസ്റ്റ് 2025, 12:24