യുവജനജൂബിലിക്കുള്ള മാർഗരേഖ വത്തിക്കാൻ പ്രസിദ്ധീകരിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2025 ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ റോമിൽ നടക്കാനിരിക്കുന്ന യുവജന ജൂബിലി ആഘോഷത്തിനെത്തുന്ന തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ, സംശയരഹിതമായി പങ്കെടുക്കുന്നതിനാവശ്യമായ ഉപയോഗപ്രദമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന മാർഗരേഖ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. മാർഗ്ഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന ഈ ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുന്നു. ഓഗസ്റ്റ് 2 ശനിയാഴ്ച നടക്കുന്ന ജാഗരണപ്രാർത്ഥനയിലും, ഓഗസ്റ്റ് 3 ഞായറാഴ്ച തോർ വെർഗാത്തയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സംബന്ധിക്കും.
വിവിധ കാര്യപരിപാടികൾ, യാത്രയ്ക്കുള്ള നിർദേശങ്ങൾ, തീർത്ഥാടകരുടെ കിറ്റ്, ജൂബിലി പാസ് എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങളും ഗതാഗതം, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ മാർഗ്ഗരേഖയിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. യുവജന ജൂബിലിയിൽ പങ്കെടുക്കാൻ എത്തുന്ന തീർത്ഥാടകർ ഈ മാർഗരേഖ ശ്രദ്ധയോടെ വായിക്കണമെന്ന് ഡിക്കസ്റ്ററി അഭ്യർത്ഥിക്കുന്നു.
അതോടൊപ്പം ജൂബിലിയെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്ന പേരിൽ ഒരു മൊബൈൽ അപ്ലിക്കേഷനും ഡിക്കസ്റ്ററി പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ മാസം ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ആഗസ്റ്റ് മാസം ഒന്നാം തീയതി ചിർക്കോ മാസ്സിമോയിൽ വച്ച് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. ആഗസ്റ്റ് മാസം രണ്ടാം തീയതി തോർ വെർഗാത്തയിൽ വച്ചു നടക്കുന്ന ജാഗരണ പ്രാർത്ഥനയോടെയും, പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ പര്യവസാനിക്കും.
മാർഗ്ഗരേഖ ആംഗലേയ ഭാഷയിൽ ലഭിക്കുന്നതിനായി
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: