ലോക ബൗദ്ധിക സ്വത്തവകാശസംഘടനയുടെ പ്രവർത്തനം തൃപ്തികരം, വത്തിക്കാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോക ബൗദ്ധിക സ്വത്തവകാശസംഘടനയുടെ, (WIPO- World Intellectual Property Organization) സന്തുലിതവും ഫലപ്രദവുമായ ബൗദ്ധിക സ്വത്തവകാശ സംവിധാനങ്ങൾ നവീകരണത്തെയും സർഗ്ഗാത്മകതയെയും ഉത്തേജിപ്പിക്കുകയും, രാജ്യങ്ങൾതമ്മിലും രാജ്യങ്ങൾക്കുള്ളിലും അറിവും സാങ്കേതിക വൈദഗ്ദ്ധ്യവും കൈമാറ്റം ചെയ്യാൻ സഹായിക്കുകയും, സുസ്ഥിര വികസന മാതൃകകൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്തിട്ടുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ.
സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിലെ അംഗങ്ങളുടെ അറുപത്തിയാറാമത് യോഗത്തെ ജൂലൈ 9-ന് ബുധനാഴ്ച സംബോധന ചെയ്യുകയായിരുന്നു.
വ്യാപാരമുദ്രകൾ, വ്യാവസായികമായ രൂപകൽപ്പനകൾ, ഉൽപ്പന്നങ്ങളുടെ നിർമ്മാണാവകാശം എന്നിവയെ സംബന്ധിച്ച് ഈ സംഘടന ഉണ്ടാക്കിയിട്ടുള്ള രേഖപ്പെടുത്തൽ സംവിധാനം ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾക്ക് ശ്രദ്ധേയമായ വിശ്വാസ്യത പ്രകടമാക്കിയിട്ടുണ്ടെന്ന് ആർച്ചുബിഷപ്പ് എത്തോരെ പറഞ്ഞു.
നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ വികസനം ദ്രുതഗതിയിലുള്ളതും ആഴമേറിയതും വ്യാപകവുമായ സാങ്കേതിക മാറ്റത്താൽ നയിക്കപ്പെടുന്ന നവീകരണം അതിശീഘ്രമാണെന്നതിന് തെളിവായി ചൂണ്ടിക്കാട്ടിയ അദ്ദേഹം നിർമ്മിതബുദ്ധി ഉയർത്തുന്ന സങ്കീർണ്ണമായ വെല്ലുവിളികളെക്കുറിച്ചു സൂചിപ്പിക്കുകയും ഈ സാങ്കേതികവിദ്യ മാനവ നന്മയ്ക്കായുള്ള ഒരു ഉപകരണമായി വർത്തിക്കണം എന്ന് പ്രസ്താവിച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: