MAP

പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള വിഭാഗം ഉക്രൈയിന് സഹായം എത്തിക്കുന്നു, 16/0725 പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള വിഭാഗം ഉക്രൈയിന് സഹായം എത്തിക്കുന്നു, 16/0725 

ഉക്രൈയിന് വീണ്ടും പാപ്പായുടെ സഹായം!

അപ്പൊസ്തോലിക ദാനധർമ്മ കേന്ദ്രം പാപ്പായുടെ നിർദ്ദേശാനുസരണം ഉക്രൈയിനു വീണ്ടും സഹായം എത്തിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഉക്രൈയിനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് ദുരിതാശ്വാസസഹായവുമായി പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം.

എത്രയും വേഗം സഹായം എത്തിക്കണമെന്ന് ലിയൊ പതിനാലാമൻ പാപ്പാ നിർദ്ദേശിച്ചതനുസരിച്ചാണ് ഈ നടപടിയെന്ന് അപ്പൊസ്തോലിക ദാനധർമ്മ കേന്ദ്രത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി വെളിപ്പെടുത്തി.

റോമിലെ വിശുദ്ധ സോഫിയയുടെ നാമത്തിലുള്ള ബസിലിക്കയിൽ നിന്നാണ് ബോംബാക്രമണം തകർത്തിരിക്കുന്ന സ്താർയി സൾത്തിവ്, ഷെവ്ചെൻകോവ് എന്നിവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഏതാനും വണ്ടികൾ പോയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്ത്മിക സാംസ്കാരിക ഉപവിപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേക്രഡ് കോൺസ്റ്റൻറയിൻ ഓർഡർ ഓഫ് സെൻറ് ജോർജിൻറെ  (Sacred Military Constantinian Order of Saint George) സംഭാവനയാണ് ഭക്ഷ്യവസ്തുക്കൾ എന്ന് കർദ്ദിനാൾ ക്രൊയേവ്സ്കി വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ജൂണിലും ഏതാനും വാഹനങ്ങൾ നിറയെ ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, കിടക്കകളും ഉക്രൈയിനിലേക്ക് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം അയച്ചിരുന്നു. ഉപവിപ്രവർത്തനത്തിന് അവധിയില്ലെന്ന് കർദ്ദിനാൾ ക്രോയേവ്സ്കി പറഞ്ഞു.

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം, യുദ്ധം ജനങ്ങളുടെ സ്വപനങ്ങളെയും ജീവനെയും ഇല്ലാതാക്കുന്നു എന്ന പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂലൈ 2025, 14:14