MAP

തീർത്ഥാടനകേന്ദ്രം തീർത്ഥാടനകേന്ദ്രം  

സ്ലോവാക്യയിലെ സ്വിർ മരിയൻ ഭക്തി തുടരുന്നതിനു വത്തിക്കാൻ അനുമതി

1990 നും 1995 നും ഇടയിൽ ലിറ്റ്മാനോവ എന്ന ചെറിയ ഗ്രാമത്തിന് സമീപം പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപെട്ടുവെന്നുള്ള വിശ്വാസമാണ് ഈ മരിയൻ ഭക്തിക്ക് ആധാരം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1990 നും 1995 നും ഇടയിൽ സ്ലോവാക്യയിലെ മൗണ്ട് സ്വിറിലെ ലിറ്റ്മാനോവയിൽ നടന്നതായി വിശ്വസിക്കപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട ആത്മീയ ഫലങ്ങൾ വിലയിരുത്തുന്നതിന് നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ, ഈ ഭക്ത അനുഷ്‌ഠാനങ്ങൾക്ക് തടസമില്ലെന്ന് വത്തിക്കാന്റെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി ഔദ്യോഗിക രേഖയിലൂടെ അറിയിച്ചു.

ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസിന്റെ കത്ത് ബൈസന്റൈൻ റീത്ത് കത്തോലിക്കർക്കായുള്ള പ്രീസോവ് ആർച്ച് ബിഷപ്പ് ജോനാസ് ജോസെഫ് മാക്സിമിനാണ് കൈമാറിയത്.

സ്ഥലത്ത് പതിവായി വരുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന നിരവധി ആത്മീയ ഫലങ്ങളെ ഡിക്കസ്റ്ററിയുടെ രേഖയിൽ പ്രത്യേകം പരാമർശിക്കുന്നതോടൊപ്പം, അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സന്തോഷം പ്രദാനം ചെയ്യുന്നതും, ആന്തരിക സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതുമായ സന്ദേശങ്ങളാണ് പരിശുദ്ധ അമ്മ വഴിയായി ലഭിച്ചതെന്നുള്ള വസ്തുത, നിരവധിയാളുകൾക്ക് മാനസാന്തരത്തിനുള്ള വഴി തുറന്നു കൊടുത്തതും രേഖ അടിവരയിടുന്നു. വിവിധ വർഷങ്ങളിലായി പ്രത്യക്ഷപ്പെട്ട അവസരത്തിൽ മാതാവ് നൽകിയ സന്ദേശങ്ങളുടെ ചില ഭാഗങ്ങളും ഡിക്കസ്റ്ററിയുടെ രേഖയിൽ എടുത്തുപറയുന്നുണ്ട്.

യേശു നിങ്ങളെ സ്വതന്ത്രരാക്കട്ടെ. നിങ്ങളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ നിങ്ങളുടെ ശത്രുവിനെ അനുവദിക്കരുത് എന്നുള്ളതാണ് 1993 ഡിസംബർ 5 നു മാതാവ് നൽകിയ സന്ദേശം. അതുപോലെ 1990 - 1995 കാലഘട്ടങ്ങളിൽ നിരവധി തവണ മാതാവ് പ്രത്യക്ഷപ്പെട്ടു വിവിധ സന്ദേശങ്ങൾ നല്കിയെന്നുള്ളതാണ് പാരമ്പര്യമായി പറയപ്പെടുന്നത്. സന്ദേശങ്ങളിലെ കാതലായ സത്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം, അതിലെ ചില അവ്യക്തതകളും ഡികസ്റ്ററിയുടെ രേഖയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

1991 ഫെബ്രുവരി 24 നുള്ള സന്ദേശത്തിൽ പരാമർശിക്കപ്പെടുന്ന, "ഒരു പ്രത്യേക വ്യക്തിക്ക് ക്ഷമ ലഭിക്കാതിരിക്കാനുള്ള സാധ്യതയെക്കുറിച്ചോ ലോകത്തിലെ ഒരു പ്രദേശത്ത് മിക്കവാറും എല്ലാ ആളുകളും ശപിക്കപ്പെട്ടവരാണെന്നോ" ഉള്ള സന്ദേശവും, 1990 ഡിസംബർ 2 നുള്ള "എല്ലാ രോഗങ്ങൾക്കും കാരണം പാപമാണ്" എന്ന സന്ദേശവും സ്വീകാര്യമല്ലായെന്നും, അവ ആശയക്കുഴപ്പനാണ് സൃഷ്ടിക്കുന്നതുമാണെന്നും ഡിക്കസ്റ്ററി ഓർമ്മപ്പെടുത്തി. പ്രത്യക്ഷപ്പെടലുകളുടെ അമാനുഷിക ആധികാരികതയെ അംഗീകരിക്കുന്നില്ലെങ്കിലും, പൊതു ആരാധനയെ അംഗീകരിക്കാനും വിശ്വാസികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് ഈ ആത്മീയ വഴിപാടിനെ  പിന്തുടരുവാനും സാധിക്കുമെന്ന് ഡിക്കസ്റ്ററിയുടെ  രേഖയിലൂടെ പ്രഖ്യാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂലൈ 2025, 13:08