സിനഡാത്മകത സഭയുടെ ദൗത്യത്തിൻറെ സേവനത്തിന്, സിനഡിൻറെ പൊതുകാര്യാലയം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സിനഡാത്മകത സഭയുടെ ദൗത്യത്തെ സേവിക്കുന്നതിനാണെന്നും അവളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അത് നമ്മുടെ ഇക്കാലത്തെ മനുഷ്യർക്ക് സാക്ഷ്യമേകിക്കൊണ്ട് ദൈവരാജ്യം പ്രഘോഷിക്കുന്നതിന് അവളെ കൂടുതൽ പ്രാപ്തയാക്കുന്നതിനാണെന്നും സിനഡിൻറെ പൊതുകാര്യലായം പറയുന്നു.
സഭയുടെ സിനാഡാത്മകതയെ അധികരിച്ചു ചർച്ചചെയ്യപ്പെട്ട മെത്രാന്മാരുടെ സിനഡിൻറെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അടങ്ങിയ പുതിയ രേഖയിലാണ് ഇതു കാണുന്നത്.
2025-2028 വരെയുള്ള ഘട്ടത്തിലേക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ “സിനഡിൻറെ നിർവ്വഹണ ഘട്ടത്തിനായുള്ള പാതകൾ” എന്ന ശീർഷകത്തിലുള്ളതും ജൂലൈ 7-ന് പ്രകാശിതവുമായ ഈ രേഖ ജൂൺ 26,27 തീയതികളിൽ നടന്ന പതിനാറാം സാധാരണ യോഗത്തിലാണ് സിനഡിൻറെ പൊതുകാര്യാലയം അംഗീകരിച്ചത്.
പ്രേഷിതയായ സഭ പാലങ്ങൾ പണിയുകയും സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും തുറവുകാട്ടുകയും ചെയ്യുന്ന ഒരു സഭയാണെന്ന്, ലിയൊ പതിനാലാമൻ പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, രേഖ ഊന്നിപ്പറയുന്നു.
സിനഡുസമ്മേളനത്തിൻറെ സമാപനഘട്ടത്തിൽ, 2024 ഒക്ടോബർ 26-ന് അംഗീകരിച്ച സമാപന രേഖയുടെ വിശ്വസ്തമായ ഒരു വ്യാഖ്യാനത്തിനുള്ള അടസ്ഥാനാണ് ഈ വാക്കുകൾ എന്ന് ഈ രേഖ വ്യക്തമാക്കുകയും ഭാവികാലഗതിയെ പ്രത്യാശയോടെ നോക്കാൻ പുതിയ രേഖ സഭയെ ക്ഷണിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: