MAP

കർദിനാൾ പിയെത്രോ പരോളിൻ കർദിനാൾ പിയെത്രോ പരോളിൻ   (ANSA)

സമൂഹ മാധ്യമ ലോകത്ത് സഭയ്ക്ക് നിഷ്ക്രിയമായി ഇരിക്കുക അസാധ്യം: കർദിനാൾ പരോളിൻ

ജൂലൈ മാസം ഇരുപത്തിയെട്ടുമുതൽ കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷം റോമിൽ വച്ച് നടക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ ആമുഖ പ്രഭാഷണത്തോടെ നടന്നു. "മാറുന്ന ആശയവിനിമയ ലോകത്ത്, വിശ്വാസം പ്രഘോഷിക്കുവാൻ സാധിക്കുമോ?" എന്ന ചോദ്യമാണ്, കർദിനാൾ തന്റെ സന്ദേശത്തിൽ ഉന്നയിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടന വേളയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ,  ഇന്നത്തെ ലോകത്ത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. ഇത്തരം ആധുനിക മാധ്യമങ്ങളുടെ ലക്‌ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ല, മറിച്ച് ആളുകളുടെ വ്യക്തിപ്രാധാന്യം വെളിപ്പെടുത്തുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ മാധ്യമലോകത്തിൽ ഇന്നും വിശ്വാസം പങ്കുവയ്ക്കുവാൻ സാധ്യതകൾ ഉണ്ടോ എന്നും കർദിനാൾ ചോദിച്ചു.

ലോകത്തിൽ ആയിരുന്നുകൊണ്ട്, ലോകത്തിന്റേതാകാതിരിക്കുവാനും, കാലത്തിൽ ആയിരുന്നുകൊണ്ട്, കാലത്തിന്റേതാകാതിരിക്കുവാനുമുള്ള വിജ്ഞാനത്തിന്റെ വഴിയാണ് സഭ നമുക്ക് കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സത്യത്തിനു സാക്ഷികളാകുവാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നതെന്നും കർദിനാൾ പരോളിൻ അടിവരയിട്ടു പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം നിഷ്ക്രിയമാരുതെന്നും, മറിച്ച് ദൈവവുമായുള്ള കണ്ടുമുട്ടലിൽ സംഭാഷണങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് , കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയണമെന്നും, കർദിനാൾ ഓർമ്മപ്പെടുത്തി.

ഡിജിറ്റൽ മിഷൻ എന്നാൽ, സുവിശേഷവത്ക്കരണം വെറും സാങ്കേതിക വിദ്യകളിലേക്ക് ഒതുക്കുക എന്നതല്ല വിവക്ഷിക്കുന്നതെന്നും, മറിച്ച് അത് കൂടുതൽ ആളുകളെ കൂട്ടായ്‌മയിൽ നിർത്തിക്കൊണ്ട് ബന്ധങ്ങളെ വിസ്തൃതമാക്കുന്നതാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. നാം ക്രിസ്തുവിന്റേതാണ് എന്ന സന്തോഷം ഊട്ടിയുറപ്പിക്കുവാൻ ഈ ഡിജിറ്റൽ മിഷൻ സഹായകരമാകണമെന്നും കർദിനാൾ പറഞ്ഞു.

വിഭജനങ്ങളുടെയും, ശത്രുതയുടെയും ലോകത്ത്, ഓരോ വ്യക്തിയുടെയും ജീവിതം, പ്രാധാന്യമുള്ളതെന്നു മനസിലാക്കുവാനും, അവരെ ബഹുമാനിക്കുവാനും ഈ ഡിജിറ്റൽ മിഷൻ നമ്മെ ക്ഷണിക്കുന്നുവെന്നു പറഞ്ഞ കർദിനാൾ, പനാമയിൽ വച്ച് നടന്ന ആഗോള യുവജനസംഗമ വേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകളും ഓർമ്മപ്പെടുത്തി. ദൈവത്തിന്റെ സ്നേഹത്തിൽ ആശ്രയമർപ്പിച്ചും, വാഗ്‌ദാനത്തിൽ വിശ്വസിച്ചും, അവന്റെ വാക്കുകൾക്ക് സമ്മതമരുളിയ പരിശുദ്ധ അമ്മയുടെ ധൈര്യമാണ്, ഓരോ കത്തോലിക്കാ ഇൻഫ്ലുവൻസറും ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതെന്നാണ്, പാപ്പാ പറഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂലൈ 2025, 10:27