MAP

കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി   (AFP or licensors)

ഗാസയിലെ ആക്രമണം തികച്ചും മനുഷ്യത്വരഹിതം: കർദിനാൾ ഗുജറോത്തി

ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിനു നേരെയുണ്ടായ സൈനിക ആക്രമണത്തെത്തുടർന്ന്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി പ്രസ്താവന നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ,  വത്തിക്കാൻ സിറ്റി

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ലയ്ക്ക്,  പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി അയച്ച പ്രസ്താവനയിൽ ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിനു നേരെയുണ്ടായ സൈനിക ആക്രമണത്തെ നിശിതമായി വിമർശിക്കുകയും, ക്രൂരത അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിൽ ലജ്ജ തോന്നുവെന്നു അറിയിക്കുകയും ചെയ്തു.

ഗാസയിലെ ദേവാലയത്തിനു നേരെ നടന്ന ആക്രമണം തികച്ചും മനുഷ്യത്വരഹിതമാണെന്നു പറയുന്നതോടൊപ്പം, മനുഷ്യരാശിക്ക് അഭയം തേടുവാനുള്ള അവകാശത്തെ പോലും ഹനിക്കുന്നതാണ് ഈ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസം മുമ്പ് ഗാസയിലെ തിരുക്കുടുംബ  കത്തോലിക്കാ പള്ളിയിൽ നടന്ന ഇസ്രായേലി സൈനിക ആക്രമണത്തിൽ മൂന്നു പേർ  കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തി "ഉദ്ദേശ്യപൂർവ്വവും ആസൂത്രിതവുമാണോ" എന്ന് ചോദ്യമുന്നയിക്കുന്ന കർദിനാൾ, "ആയുധങ്ങളുടെ പൊട്ടിച്ചിരി ഇഷ്ടപ്പെടുന്ന ബധിരരും അന്ധരുമായ ആളുകളെ" ദൈവം കാണട്ടെയെന്നും എടുത്തു പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ടവരുടെ ഹൃദയഭേദകമായ നിലവിളി കേൾക്കുന്നതിൽ നിന്ന് ഈ പൊട്ടിച്ചിരികൾ തടസമുണ്ടാക്കുന്നുവെന്നത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധിക്കുവാൻ ത്രാണിയില്ലാത്തവർക്ക് ദൈവം ന്യായാധിപനായി ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സൃഷ്ടി, സ്നേഹത്തിന്റെ വ്യാപനമാകാൻ ഉദ്ദേശിച്ച ദൈവത്തിന്റെ പദ്ധതിയുടെ സ്വന്തം അടിത്തറയും വേരുകളും തകർക്കുന്നതാണ് ഈ അക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2025, 12:22