ദാരിദ്ര്യം സുസ്ഥിരവകസന ലക്ഷ്യപ്രാപ്തിക്ക് വിഘാതം, ആർച്ചുബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദീർഘകാലമായുള്ള ആഗോള യത്നങ്ങളും ചില പുരോഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും ചില നാടുകൾക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസ്സമാകുന്ന വ്യവസ്ഥാപിത വെല്ലുവിളികളെ നേരിടേണ്ടിവരുന്നത് തുടർക്കഥയാകുന്നുവെന്ന് ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.
ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം സുസ്ഥിരവികസനപ്രാപ്തിയുടെ വേഗത കൂട്ടുന്നതിനെ അധികരിച്ച് നടന്ന ഒരു ഉന്നതതല യോഗത്തെ ജൂലൈ 15-ന് സംബോധന ചെയ്യുകയായിരുന്നു.
ആഫ്രിക്കൻ നാടുകളിലും അല്പവികസിത രാജ്യങ്ങളിലും തുറമുഖമില്ലാത്തതും കരയാൽ ചുറ്റപ്പെട്ടതുമായ വികസ്വര നാടുകളിലും മിതവരുമാന നാടുകളിലും സുസ്ഥിരവികസനത്തിൻറെ വേഗത വർദ്ധമാനമാക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.
ഈ നാടുകളാണ് സുസ്ഥിരവികസനത്തിന് തടസ്സമായ വെല്ലുവിളികളെ നേരിടുന്നതെന്നും ഈ വെല്ലുവിളികളിൽ പ്രധാനം ദാരിദ്ര്യമെന്ന സ്ഥിരവും വ്യാപകവുമായ യാഥാർത്ഥ്യമാണെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ ഇപ്പോഴും ദുരിതത്തിലാഴ്ത്തുകയും അവരുടെ ഭൗതിക ക്ഷേമം നിഷേധിക്കുകയും ദൈവദത്തമായ അന്തസ്സിനെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ദാരിദ്ര്യം, അവരുടെ സമഗ്രമായ മാനവപുരോഗതിയെ ശ്വാസംമുട്ടിക്കുന്നുവെന്ന അദ്ദേഹം വിശദീകരിച്ചു.
ആകയാൽ ദാരിദ്ര്യ നിർമ്മാർജ്ജനം അന്താരാഷ്ട്ര സമൂഹത്തിൻറെ മുഖ്യ അടിയന്തിര മുൻഗണനയായിരിക്കണമെന്നും ദാരിദ്ര്യ നിർമ്മാർജ്ജനം കേവലം ഒരു സാമ്പത്തികാഭ്യാസമല്ലെന്നും പ്രത്യുത, ഒരു ധാർമ്മിക അനിവാര്യതയാണെന്നും ആർച്ചുബിഷപ്പ് കാച്ച കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: