മാർ ഇവാനിയോസ്, പ്രതിസന്ധികൾക്ക് അതീതനായി നിലകൊണ്ട വ്യക്തിത്വം, ആർച്ചുബിഷപ്പ് ഗാല്ലഗെർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മതപരവും സാമൂഹ്യവുമായ വൻ പ്രക്ഷോഭങ്ങളുടെ ഒരു കാലഘട്ടത്തിൽ വളർന്ന മാർ ഇവാനിയോസ് ഭിന്നതകളെയും വെല്ലുവിളികളെയും ഉല്ലംഘിക്കുന്ന ഒരു വീക്ഷണത്തിന് ഉടമയായിരുന്നുവെന്ന് ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ജൂലൈ 13 മുതൽ 19 നീളുന്ന സന്ദർശന പരിപാടിയുമായി ഇന്ത്യയിലെത്തിയിരിക്കുന്ന, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാനകാര്യാലയവിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം, എഴുപത്തിരണ്ടാം മാർ ഇവാനിയോസ് ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പതിനഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.
വിശ്വാസത്തിലും സ്നേഹത്തിലും ഐക്യപ്പെട്ട ഒരു സഭയെ, ലോകത്തിൽ പ്രത്യാശയുടെയും വെളിച്ചത്തിൻറെയും ഒരു ദീപസ്തംഭമായി വർത്തിക്കാൻ കഴിയുന്ന ഒരു സഭയെ, മാർ ഇവാനിയോസ് വിഭാവനം ചെയ്തുവെന്ന് ആർച്ചുബിഷപ്പ് ഗാല്ലഗെർ പറഞ്ഞു. 95 വർഷങ്ങൾക്ക് മുമ്പ് മലങ്കര സിറിയൻ ഓർത്തഡോക്സ് സമൂഹത്തെ കത്തോലിക്കാ സഭയുമായി പൂർണ്ണ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനുള്ള മാർ ഇവാനയോസിൻറെ ധീരമായ തീരുമാനം കേരളത്തിന് മാത്രമല്ല, സാർവ്വത്രിക സഭയ്ക്കും ഒരു ചരിത്ര നിമിഷമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഭിന്നതകളും സംഘർഷങ്ങളും പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ ലോകത്ത്, ഐക്യത്തെക്കുറിച്ചുള്ള മാർ ഇവാനിയോസിൻറെ ദർശനം എക്കാലത്തേക്കാളുമുപരി പ്രസക്തമാണെന്നും ഐക്യം വെറും ഐകരൂപ്യമല്ല, മറിച്ച് കൂട്ടായ്മയാണെന്ന അദ്ദേഹത്തിൻറെ വിശ്വാസം നാം സ്വന്തമാക്കണമെന്നും ആർച്ചുബിഷപ്പ് ഗാല്ലഗെർ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: