വികസനം സാമ്പത്തികഭദ്രതയല്ല മറിച്ച് മാനവിക സമഗ്രവികസനമാണ്: ആർച്ചുബിഷപ്പ് കാച്ച
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ ന്യായസഭ പൊതുചർച്ചാവേളയിൽ, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സഭയുടെ കടമകളെ ഓർമ്മപ്പെടുത്തിക്കൊണ്ടും, അന്താരാഷ്ട്ര സമൂഹം ഒത്തുചേർന്ന് ദാരിദ്ര്യത്തെ ഉൻമൂലനം ചെയ്യുവാനുള്ള ആഹ്വാനം നൽകിക്കൊണ്ടും ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ച പ്രസ്താവന നടത്തി. സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, എല്ലാ ജനങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുക എന്നീ തത്വങ്ങളിലാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായിരിക്കുന്നത് എന്നതും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. യഥാർത്ഥ വികസനം ഈ അടിസ്ഥാന ആദർശങ്ങളിൽ അധിഷ്ഠിതമായിരിക്കണമെന്നുള്ളതാണ് പരിശുദ്ധ സിംഹാസനത്തിന്റെ ബോദ്ധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില മേഖലകളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹം ഒത്തുചേർന്ന് ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും അളവുകളിലും ഉന്മൂലനം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള എല്ലാ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കാൻ ആവശ്യമായ ചുറ്റുപാടുകൾ സൃഷ്ടിക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ വ്യക്തിയുടെയും ആത്മീയവും സാമൂഹികവും ഭൗതികവുമായ ക്ഷേമം ഉൾക്കൊള്ളുന്ന സമഗ്രമായ മാനവിക വികസനത്തിന് എല്ലാ ശ്രമങ്ങളും മുൻഗണന നൽകേണ്ടത് അത്യാവശ്യമാണെന്നും അതാണ് യാഥാർത്ഥവികസനമെന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
"ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, വ്യക്തിഗത സമൂഹങ്ങൾക്കുള്ളിൽ പോലും ആഴത്തിലുള്ള വിഭജനങ്ങൾ സൃഷ്ടിക്കുന്ന ആഗോള അസമത്വങ്ങളെ മറികടക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം" എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഉദ്ധരിച്ചു. എല്ലാവർക്കും സത്യത്തിലും നീതിയിലും സമാധാനത്തിലും ആധികാരികമായി മനുഷ്യജീവിതം നയിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കപ്പെടുമാറാകട്ടെയെന്ന പരിശുദ്ധ പിതാവിന്റെ വാക്കുകളോടെയാണ് പ്രസ്‌താവന ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: