MAP

ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന യുവജനങ്ങൾ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന യുവജനങ്ങൾ   (@Vatican Media)

യുവജനജൂബിലി ദൈവസാന്നിധ്യം തിരിച്ചറിയുവാനുള്ള അവസരമാകണം: ആർച്ചുബിഷപ്പ് ഫിസിക്കെല്ല

യുവജന ജൂബിലിയോടനുബന്ധിച്ചുള്ള ആരംഭ വിശുദ്ധ കുർബാനയ്ക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിക്കുകയും, യുവജനങ്ങളെ ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ലിയോ പതിനാലാമൻ പാപ്പായുടെ നാമത്തിൽ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു", ഈ വാക്കുകളോടെയാണ് ജൂബിലി ആഘോഷങ്ങളുടെ ചുമതലയുള്ള സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല, യുവജനജൂബിലി ഉദ്ഘാടന വിശുദ്ധ കുർബാന കുർബാന വേളയിൽ സംസാരിച്ചത്. ജൂലൈ ഇരുപത്തിയൊൻപതാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക്, ലോകമെമ്പാടും നിന്നുള്ള  ലക്ഷക്കണക്കിന് യുവജനങ്ങളാണ് സംബന്ധിച്ചത്. ജൂലൈ ഇരുപത്തിയെട്ടു  മുതൽ ആഗസ്റ്റ് 3 വരെയാണ് യുവജന ജൂബിലി ആഘോഷങ്ങൾ.

തന്റെ അഭിസംബോധനവാക്കുകളിൽ, ആർച്ചുബിഷപ്പ്, യുവജനസമ്മേളനം ജൂബിലി ആഘോഷങ്ങളുടെ മർമ്മപ്രധാനമായ ഒരു സമയം ആണെന്നും, വളരെക്കാലമായുള്ള കാത്തിരിപ്പിനൊടുവിൽ, യുവജനങ്ങളുടെ സാന്നിധ്യം അനുഭവിക്കുവാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എടുത്തു പറഞ്ഞു. ഈ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുവാനുള്ള പാപ്പായുടെ ക്ഷണം  സ്വീകരിച്ചതിനും, പ്രത്യാശയുടെ സംവഹകരാകുന്നതിലും  യുവജനങ്ങൾക്ക് അദ്ദേഹം നന്ദിയർപ്പിക്കുകയും ചെയ്തു. യുദ്ധമേഖലകളിൽ നിന്നും വരുന്ന യുവജനങ്ങളെ പ്രത്യേകം പരാമർശിച്ച ആർച്ചുബിഷപ്പ്, അവരുമായി സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നു സവിശേഷമായി  ഓർമ്മിപ്പിച്ചു. സാഹോദര്യത്തിന്റെ ആലിംഗനം നമ്മെ ഐക്യത്തിലേക്കും, കൂട്ടായ്മയിലേക്കും നയിക്കട്ടേയെന്നും ആശംസിച്ചു.

റോമിലെ ജൂബിലി ആഘോഷത്തിനായി എത്തിച്ചേരുവാൻ യുവജനങ്ങൾ എടുത്ത ത്യാഗത്തെയും ആർച്ചുബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. ഈ ത്യാഗങ്ങളിൽ കർത്താവ് ആരെയും നിരാശപ്പെടുത്തുകയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സുഹൃദ്ബന്ധങ്ങൾ കണ്ടെത്തി സന്തോഷത്തോടും ആത്മീയതയോടും കൂടി ഈ ദിവസങ്ങളിൽ ജീവിക്കുവാനും യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. എല്ലാറ്റിനുമുപരിയായി റോമിനെക്കുറിച്ചും, വിശ്വാസം പ്രകടിപ്പിക്കുന്ന നിരവധി കലാസൃഷ്ടികളെക്കുറിച്ചും ചിന്തിക്കുവാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂലൈ 2025, 12:07