പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് സിറിൽ വാസിൽ സേവനം പൂർത്തിയാക്കി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ബൈസന്റൈൻ സഭയിലെ അംഗവും, കോസിച്ചേ അതിരൂപതാ മെത്രാപ്പോലീത്തായുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ, ഫ്രാൻസിസ് പാപ്പാ, പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ ഉണ്ടായ ആരാധനക്രമം സംബന്ധിച്ച പ്രശ്നങ്ങളിന്മേൽ, പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിച്ചിരുന്നു. തുടർന്നു 2025 ജൂലൈ മാസം ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ ആർച്ചുബിഷപിന്റെ സേവനം പൂർത്തിയാക്കി ചുമതലയിൽ നിന്നും സ്വതന്ത്രമാക്കി. ആർച്ചുബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പാ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.
സ്ലൊവാക്യക്കാരനായ ആർച്ച്ബിഷപ്പ് സിറിൽ വാസിൽ ഈശോസഭാംഗമാണ്. 2007-2009 വരെ റോമിലെ പൊന്തിഫിക്കൽ ഓറിയെൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ മേധാവിയും അഥവാ, റെക്ടറും 2009-2020 പൗരസത്യസഭകൾക്കായുള്ള സംഘത്തിൻറെ കാര്യദർശിയും ആയിരുന്ന അദ്ദേഹം ഇപ്പോൾ സ്ലൊവാക്യയിലെ കോസിച്ചേ അതിരൂപതയുടെ അദ്ധ്യക്ഷനാണ്.
തൻറെ സേവന കാലയളവിൽ വിവിധ തവണ അദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയിൽ എത്തുകയും, വൈദികരും ദൈവജനവുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. സീറോ മലബാർ സഭയിലെ സിനഡ് പിതാക്കന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: