വികസനം, നീതിയും സമാധാനവും പരിപോഷിപ്പിക്കുന്നതാകണം, ആർച്ചുബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വികസനം എന്നത് പ്രഥമതഃ ജനങ്ങളെ സംബന്ധിച്ചതും നീതിയും ഐക്യദാർഢ്യവും സമാധാനവും ഊട്ടിവളർത്തുന്നതുമാകണമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച.
ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അപ്പൊസ്തോലിക് നുൺഷ്യൊ, ആർച്ചുബിഷപ്പ് കാച്ച, വികസനത്തിനായുള്ള സാമ്പത്തികസഹായത്തെ അധികരിച്ച് സ്പെയിനിലെ സെവില്ലെയിൽ ജലൈ 3, വ്യാഴാഴ്ചവരെ സംഘടിപ്പിക്കപ്പെട്ട, നാലാം അന്താരാഷ്ട്രസമ്മേളനത്തെ ജൂലൈ രണ്ടിന് സംബോധന ചെയ്യുകയായിരുന്നു.
വികസനം എന്നത് സൂചകങ്ങളെയോ ഉപകരണങ്ങളെയോ സ്ഥാപനങ്ങളെയോ സംബന്ധിച്ചതു മാത്രമായി ചുരുങ്ങരുതെന്നും അത്, എല്ലാവരുടെയും, വിശിഷ്യ, ദരിദ്രരുടെയും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെയും ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമ്പദ്‌വ്യവസ്ഥയെ സേവിക്കുകയെന്നതായിരിക്കരുത് വികസനത്തിൻറെ ലക്ഷ്യമെന്നും മറിച്ച്, അതിൻറെ കേന്ദ്രബിന്ദുവായിരിക്കേണ്ടത് മനുഷ്യവ്യക്തിയുടെ ദൈവദത്ത ഔന്നത്യവും അതിൻറെ പരിപോഷണവും ആയിരിക്കണമെന്നും ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഓരോ വ്യക്തിയുടെയും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, ആത്മീയ, സാംസ്കാരിക പുരോഗതിയെ ആശ്ലേഷിക്കുന്ന യഥാർത്ഥ സമഗ്രവികസനം സുവ്യക്തം പിന്തുടരുമ്പോൾ മാനവാന്തസ്സ് ആദരിക്കപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നിലവിലുള്ള സമ്പദ്ഘടന ഈ സമഗ്ര ദർശനത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്ന ബോധ്യമാണ് പരിശുദ്ധസിംഹാസനുള്ളതെന്നു വെളിപ്പെടുത്തിയ ആർച്ചുബിഷപ്പ് കാച്ച, പൊതുനന്മയെ സേവിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്ന തീരുമാനങ്ങളുടെയും മുൻഗണനകളുടെയും ഫലമാണിതെന്നും ഇത് ഏറ്റവും ദുരിതമനുഭവിക്കുന്നവരെ ആ ഞെരുക്കത്തിൽ നിന്ന് കരകയറാൻ അനുവദിക്കുന്നില്ലെന്നും ആശങ്കപ്രകടിപ്പിച്ചു.
ശുദ്ധജലം, മതിയായ ഭക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്യാവശ്യ ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റപ്പെടാത്ത ദശലക്ഷക്കണക്കിന് ആളുകൾ അത്തരമൊരു സംവിധാനത്തിൻറെ ബലിയാടുകളാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂഖണ്ഡങ്ങൾക്കിടയിലും, രാജ്യങ്ങൾക്കിടയിലും വ്യക്തിഗത സമൂഹങ്ങൾക്കിടയിൽ പോലും, അഗാധ വേർതിരിവുകൾ സൃഷ്ടിക്കുന്നതായ അതിസമ്പന്നതയ്ക്കും കൊടുംദാരിദ്ര്യത്തിനും ഇടയിലുള്ള ആഗോള അസമത്വങ്ങളെ മറികടക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ആർച്ചുബിഷപ്പ് കാച്ച അനുസ്മരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: