MAP

സിസ്റ്റർ ധ്യാനചിന്തകൾ നൽകുന്നു സിസ്റ്റർ ധ്യാനചിന്തകൾ നൽകുന്നു   (ANSA)

പ്രത്യാശ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കൂട്ടിയോജിപ്പിക്കുന്നു: സിസ്റ്റർ മരിയ ഗ്ലോറിയ

പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ജൂൺ മാസം ഒൻപതാം തീയതി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവച്ച്, പാപ്പായുടെ സാന്നിധ്യത്തിൽ സിസ്റ്റർ മരിയ ഗ്ലോറിയ റിവ ധ്യാനചിന്തകൾ പങ്കുവച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ബൃഹത്തായതും ആഗോളവൽക്കരിക്കപ്പെട്ടതുമായ  ഒരു ലോകത്ത് ചെറിയ പ്രദേശങ്ങളുടെ പ്രാധാന്യവും, സ്ഥാനവും, മൂല്യവും  ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റർ മരിയ ഗ്ലോറിയ റിവ, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ജൂൺ മാസം ഒൻപതാം തീയതി, ധ്യാനചിന്തകൾ ആരംഭിച്ചത്. വത്തിക്കാനിലെ പോൾ  ആറാമൻ ശാലയിൽ വച്ചുനടന്ന ധ്യാനത്തിൽ ലിയോ പതിനാലാമൻ പാപ്പായും സന്നിഹിതനായിരുന്നു.

സ്വന്തം ചരിത്രപരമായ വേരുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു ലോകത്ത്, തനതായ പ്രത്യേകവും പുരാതനവുമായ പാരമ്പര്യങ്ങൾ മുന്പോട്ടുവച്ചുകൊണ്ട് പ്രത്യാശയുടെ നൂലിൽ എല്ലാവരെയും കോർത്തിണക്കുന്നതിൽ ഇത്തരം ചെറു പ്രദേശങ്ങളുടെ പ്രാധാന്യത്തെ സിസ്റ്റർ അനുസ്മരിച്ചു. തുടർന്ന് പ്രത്യാശയെന്ന വാക്കിന്റെ വിശുദ്ധഗ്രന്ഥത്തിൽ അടിസ്ഥാനമായ മൂല അർത്ഥവും സിസ്റ്റർ വിശദീകരിച്ചു.

ഭൂതകാലത്തിൽ വേരൂന്നിക്കൊണ്ട്, വർത്തമാനകാലത്തിൽ ജീവിച്ചുകൊണ്ട് , ഭാവിയിലേക്ക് ലക്ഷ്യബോധത്തോടുകൂടി ആയിരിക്കുവാൻ മനുഷ്യന് പ്രത്യാശ ഏറെ ആവശ്യമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ഭൂതകാലത്തിനും ഭാവിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് പറഞ്ഞ സിസ്റ്റർ, ഭൂതകാലത്തിന്റെ സ്മരണകളിൽ മാത്രം ജീവിക്കുകയാണെങ്കിൽ, വർത്തമാനത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു പാരമ്പര്യവാദത്തിന്റെ അപകടകരമായ അവസ്ഥയെയും ചൂണ്ടികാണിച്ചു.

നിത്യതയ്ക്കുവേണ്ടി ജീവിക്കുന്നതാണ് പ്രത്യാശിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും സിസ്റ്റർ മരിയ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ നാം നടത്തേണ്ട ഓട്ടത്തിന്റെ മാതൃക, യോഹന്നാനും പത്രോസും, യേശുവിന്റെ കല്ലറയെ ലക്ഷ്യമാക്കിനടത്തിയ ഓട്ടം മാത്രമാണെന്ന് പറഞ്ഞ സിസ്റ്റർ, അത് നിത്യതയെ ലക്‌ഷ്യം വച്ചുകൊണ്ടായിരുന്നുവെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും എടുത്തുകാണിച്ചു. ക്രൈസ്തവജീവിതത്തിൽ പ്രത്യാശ പകരുന്ന കൂദാശ വിശുദ്ധ കുർബാനയാണെന്നു സിസ്റ്റർ പ്രത്യേകം ഓർമ്മപ്പെടുത്തി. നിത്യജീവനുവേണ്ടിയുള്ള പ്രത്യാശയുടെ ഒരു വഴികാട്ടിയാണ് ദിവ്യകാരുണ്യമെന്നും, ഇത് മനുഷ്യരെ പരസ്പരം ഐക്യത്തിൽ വളർത്തുന്നതാണെന്നും സിസ്റ്റർ ചൂണ്ടിക്കാണിച്ചു. വിശുദ്ധ കുർബാന പോലെ തന്നെ നമ്മെ പ്രത്യാശയിൽ വളർത്തുന്ന വിശുദ്ധയാണ് പരിശുദ്ധ മറിയമെന്നും സിസ്റ്റർ മരിയ പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂൺ 2025, 15:16