MAP

ദാരിദ്യം പിടിമുറുക്കുമ്പോൾ ദാരിദ്യം പിടിമുറുക്കുമ്പോൾ  (AFP or licensors)

ദാരിദ്യം, അനീതിയും മൗലികാവകാശ നിഷേധവുമാണെന്ന് മോൺസിഞ്ഞോർ ഫൊർമീക്ക!

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻസംസ്ഥാന കാര്യാലയ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ദാരിദ്യം, അവികസനം, സംഘർഷങ്ങൾ എന്നിവയെ അധികരിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംബന്ധിക്കുകയും പരിശുദ്ധസിംഹാസനത്തിൻറെ ബോധ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദാരിദ്ര്യം, അവികസനം, സംഘർഷങ്ങൾ എന്നിവ പരസ്പരം ആളിക്കത്തിക്കുന്ന യാഥാർത്ഥ്യങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും ഗൗരതരമായ വിഘാതവും ആണെന്ന് മോൺസിഞ്ഞോർ മാർക്കൊ ഫൊർമീക്ക.

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻസംസ്ഥാന കാര്യാലയ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അദ്ദേഹം, അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ദാരിദ്യം, അവികസനം, സംഘർഷങ്ങൾ എന്നിവയെ അധികരിച്ച് ജൂൺ 23-ന്  സംഘടിപ്പിച്ച തുറന്ന ചർച്ചയിലാണ് ഇതു ചൂണ്ടിക്കാട്ടിയത്.

ദാരിദ്ര്യത്തിനുള്ള കാരണങ്ങൾ പലപ്പോഴും അനീതി, പുറന്തള്ളൽ, മൗലികാവകാശങ്ങളുടെ നിഷേധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് അതിൻറെ എല്ലാരൂപങ്ങളിലും മാനങ്ങളിലും ആഗോള വെല്ലുവിളിയും സുസ്ഥിര വികസനത്തിന് അനിവാര്യ വ്യവസ്ഥയുമാണെന്ന് മോൺസിഞ്ഞോർ ഫൊർമീക്ക പറഞ്ഞു.

“സമാധാനത്തിൻറെ പുതിയ പേരാണ് വികസനം” എന്ന വിശുദ്ധ പോൾ ആറാമൻറെ വാക്കുകൾ അനുസ്മരിച്ച അദ്ദേഹം, ഈ വീക്ഷണം നമ്മെ സമാധാനമെന്നത് കേവലം യുദ്ധത്തിൻറെ അഭാവം അല്ലെന്നും മാനവ സാഹോദര്യവും സഹകരണവും എല്ലാവരും പങ്കുചേരുന്ന ക്ഷേമവും പരിപോഷിപ്പിക്കലാണെന്നും ഓർമ്മിപ്പിക്കുന്നു എന്ന് വിശദീകരിച്ചു.

ഈ വീക്ഷണത്തിൽ, സമഗ്ര മാനവ പുരോഗതി മാനവരാശിക്കു മുഴുവൻ ഒരു ധാർമ്മിക അനിവാര്യത മാത്രമല്ല, കൂടുതൽ നീതിയുക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സ്ഥായിയുമായ സമാധാനത്തിലേക്കുള്ള ഒരു സമൂർത്ത സരണിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന പരിശുദ്ധസിംഹാസനത്തിൻറെ ബോധ്യം മോൺസിഞ്ഞോർ ഫൊർമീക്ക വെളിപ്പെടുത്തി.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസന മേഖലകളിലെ നിക്ഷേപങ്ങളിൽ നിന്നുള്ള ഗണ്യമായ വിഭവങ്ങൾ വർദ്ധിച്ചുവരുന്ന സൈനിക ചെലവുകൾക്കായി വഴിതിരിച്ചുവിടുന്ന പ്രവണതയിൽ പരിശുദ്ധ സിംഹാസനത്തിനുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.

പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനും അവികസിതപ്രദേശങ്ങളുടെ വികസനത്തിനുമായി ഒരു ആഗോള നാണ്യനിധി,  ആയുധങ്ങൾക്കായി നീക്കിവയ്ക്കുന്ന തുകയിൽ നിന്ന് ഭാഗികമായി പിടിച്ച് രൂപീകരിക്കാനുള്ള നിർദ്ദേശം പരിശുദ്ധസിംഹാസനം നവീകരിക്കുന്നുവെന്ന് പറഞ്ഞ മോൺസിഞ്ഞോർ ഫൊർമീക്ക ശാശ്വത സമാധാനത്തിന് സമഗ്രമായ മാനവവികസന പ്രതിബദ്ധത ആവശ്യമാണെന്ന പരിശുദ്ധസിംഹാസനത്തിൻറെ ബോധ്യം എടുത്തുകാട്ടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂൺ 2025, 12:52