സൗ തൊമേ ആൻഡ് പ്രിൻസിപ്പേ പ്രസിഡന്റ് വില്ല നോവയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സൗ തൊമേ ആൻഡ് പ്രിൻസിപ്പേ ഡെമോക്രറ്റിക് റിപ്പബ്ലിക് പ്രസിഡന്റ് കാർലോസ് മാനുവൽ വില്ല നോവയെ ജൂൺ 30 തിങ്കളാഴ്ച രാവിലെ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും പ്രെസിഡന്റ് വില്ല നോവ കൂടിക്കാഴ്ച നടത്തി.
സൗ തൊമേ, പ്രിൻസിപ്പേ ദ്വീപുകൾ ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നേതൃത്വങ്ങൾ തമ്മിൽ നടന്ന സൗഹാർദ്ധപരമായ ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ചർച്ച ചെയ്യപ്പെട്ടുവെന്നും, സൗ തൊമേ ആൻഡ് പ്രിൻസിപ്പേയിലെ സാമൂഹിക-സാമ്പത്തികാവസ്ഥ, ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കത്തോലിക്കാ പ്രാദേശികസഭയും രാജ്യവുമായുള്ള സഹകരണം എന്നീ വിഷയങ്ങളും ചർച്ചകളിൽ ഇടം പിടിച്ചുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു. ഈ ദ്വീപസമൂഹരാജ്യത്തിലെ യുവജനങ്ങളുടെ പരിശീലനത്തിനായി സഭ നൽകുന്ന സംഭാവനകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.
ചർച്ചകളിൽ, പ്രാദേശിക, അന്താരാഷ്ട്ര പരമായ ആശയകൈമാറ്റം നടന്നുവെന്നും, വിവിധ രാജ്യങ്ങൾക്കിടയിൽ സഹകരണവും ചർച്ചകളും ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയപ്പെട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
ജനസംഖ്യാടിസ്ഥാനത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമാണ് സൗ തൊമേ ആൻഡ് പ്രിൻസിപ്പേ. രാജ്യത്തിന്റെ അഞ്ചാമത്തെ പ്രേസിഡന്റാണ് 2021 ഒക്ടോബർ 2-ന് സ്ഥാനമേറ്റെടുത്ത ശ്രീ വില്ല നോവ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: