വിയറ്റ്‌നാം വൈസ് പ്രസിഡന്റിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി വോ തി ആംഹ് ക്സുവാന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ നടന്ന ഈ കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും ശ്രീമതി വോ തി ആംഹ് ക്സുവാൻ കൂടിക്കാഴ്ച നടത്തി.
തികച്ചും സൗഹൃദപരമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് വിശേഷിപ്പിച്ച, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സംവാദങ്ങളിൽ, പരിശുദ്ധ സിംഹാസനവും വിയറ്റ്നാമുമായുള്ള ബന്ധത്തിലെ ക്രിയാത്മകമായ വളർച്ചയെക്കുറിച്ച് ഇരു നേതൃത്വങ്ങളും പരാമർശിച്ചു.
വിയറ്റ്‌നാമിൽ സ്ഥിരവസതിയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി താമസിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വിയറ്റ്നാമിലെ പൊതുസമൂഹത്തിന് കത്തോലിക്കാസഭ നൽകുന്ന സംഭാവനകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു.
വിയറ്റ്നാമിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, രാജ്യത്തിന്റെ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള വളർച്ച എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഇരു നേതൃത്വങ്ങളും പങ്കുവച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
വിയറ്റ്നാമിന്റെ പതിനേഴാമത് വൈസ് പ്രെസിഡന്റാണ് 2021 മുതൽ ഈ സ്ഥാനം വഹിക്കുന്ന ശ്രീമതി വോ തി ആംഹ് ക്സുവാൻ. 2023-2024 കാലയളവിൽ രാജ്യത്തിൻറെ താത്‌കാലിക പ്രസിഡന്‍റായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: