MAP

പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയവസരത്തിൽ ജൂബിലിയുടെ കുരിശുമായി ലിയോ പതിനാലാമൻ പാപ്പാ പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയവസരത്തിൽ ജൂബിലിയുടെ കുരിശുമായി ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ജൂൺ 14-15 തീയതികളിലായി കായികമേഖലയിലുള്ളവരുടെ ജൂബിലി

2025-ലെ ജൂബിലി വർഷത്തിന്റെ ഭാഗമായി റോമിൽ ജൂൺ 14-15 തീയതികളിലായി കായികമേഖലയിലുള്ളവരുടെ ജൂബിലി നടക്കും. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് ജൂൺ 12 വ്യാഴാഴ്ച ഇതുസംബന്ധിച്ച പത്രക്കുറിപ്പിറക്കിയത്. ജൂബിലിയുടെ ഭാഗമായി നടക്കുന്ന വലിയ ചടങ്ങുകളിൽ ഒന്നായിരിക്കും കായികമേഖലയിലുള്ളവരുടെ ജൂബിലി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രൊഫെഷണൽ, അമച്വർ കായികതാരങ്ങളുടെയും, കായികപരിശീലകരുടെയും, ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെയും, കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ 2025-ലെ ജൂബിലി വർഷത്തിന്റെ ഭാഗമായി, കായികമേഖലയിലുള്ളവരുടെ ജൂബിലി ജൂൺ 14-15 തീയതികളിലായി റോമിൽ നടക്കും. ജൂബിലി ചടങ്ങുകളിലെ വലിയ ആഘോഷങ്ങളിലൊന്നായ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട്, ഇതൊരുക്കുന്നതിൽ മേൽനോട്ടം വഹിക്കുന്ന സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഇതേക്കുറിച്ച് ജൂൺ 12 വ്യാഴാഴ്ച പത്രക്കുറിപ്പിറക്കി.

ജൂൺ 14 ശനിയാഴ്ച റോമിലെ "പിയാസ്സ ദെൽ പോപ്പൊളോ എന്ന ചത്വരത്തിൽ നടക്കുന്ന "സ്പോർട്സ് ഗ്രാമം" എന്ന പേരിലുള്ള ജൂബിലിചടങ്ങോടെയായിരിക്കും കായികമേഖലയിലുള്ളവരുടെ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക. രാവിലെ ഒൻപതര മുതൽ വൈകുന്നേരം ആറുമണി വരെയായിരിക്കും ഇവിടെയുള്ള ചടങ്ങുകൾ. വൈകുന്നേരം നാലര മുതൽ ഈ ചത്വരത്തിലേക്ക് ഏവർക്കും സൗജന്യമായി പ്രവേശിക്കാനും വിവിധ കായികവിനോദങ്ങളിൽ ഏർപ്പെടാനും സാഹചര്യമൊരുക്കിയിട്ടുണ്ട്.

വൈകുന്നേരം നാലേമുക്കാൽ മുതൽ ഇതേ ചത്വരത്തിൽ, "കായികമത്സരങ്ങൾ പ്രത്യാശ വളർത്തുന്നു" എന്ന പേരിലുള്ള പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയൻ ടെലിവിഷനായ റായ് സ്പോർട്ടിന്റെ ഉപാധ്യക്ഷൻ മാസ്സിമോ പ്രൊയെത്തൊ ആയിരിക്കും ചടങ്ങുകൾ നിയന്ത്രിക്കുക. ഫോർമുല വൺ കാറോട്ടക്കാരനായ ഫെലിപ്പെ മാസ്സയും എൻ.ബി.എ. ബാസ്‌കറ്റ് ചാമ്പ്യൻ ഗോർഡൻ ഹേവാർഡും ഉൾപ്പെടെ വിവിധ കായികതാരങ്ങൾ ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം ആറുമണിയോടെ നടക്കുന്ന ചെറിയ പ്രാർത്ഥനയ്ക്ക് ശേഷം ജൂബിലിയിൽ പങ്കെടുക്കുന്നവർ വിശുദ്ധ വാതിൽ കടക്കാനായി, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് തീർത്ഥാടനം നടത്തും.

ജൂൺ 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയോടെയായിരിക്കും കായികമേഖലയിലുള്ളവരുടെ ജൂബിലി അവസാനിക്കുക. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കാനിരുന്ന വിശുദ്ധ ബലി, റോമിലെ കനത്ത ചൂട് കണക്കിലെടുത്ത് വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്കുള്ളിലായിരിക്കും നടക്കുക.

ജൂബിലിച്ചടങ്ങുകളിലേക്കും വിശുദ്ധബലിയാർപ്പണത്തിലേക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂൺ 2025, 14:28