MAP

ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു   (ANSA)

"സന്തുഷ്ടരായ പുരോഹിതന്മാർ" സെമിനാരിവിദ്യാർത്ഥികളുടെയും, വൈദികരുടെയും ജൂബിലി ആഘോഷം റോമിൽ

സെമിനാരിവിദ്യാർത്ഥികളുടെയും, വൈദികരുടെയും ജൂബിലിയോടനുബന്ധിച്ച്, ജൂൺ മാസം ഇരുപത്തിയാറാം തീയതി, വൈകുന്നേരം മൂന്നു മണി മുതൽ ആറു മണിവരെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത "ഞാൻ നിങ്ങളെ സുഹൃത്തുക്കൾ എന്ന് വിളിച്ചിരിക്കുന്നു" എന്ന പ്രമേയവുമായി ബന്ധപ്പെട്ടു വൈദികർക്കായുള്ള ഡിക്കാസ്റ്ററി ഒരു സംഗമം സംഘടിപ്പിക്കുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്റെ സാന്നിധ്യത്തിൽ, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും, സെമിനാരി രൂപീകരണത്തിൽ ഉള്ളവരുടെയും സംയുക്ത സംഗമം ജൂൺ മാസം ഇരുപത്തിയാറാം തീയതി, വൈകുന്നേരം മൂന്നു മണി മുതൽ ആറു  മണിവരെ റോമിലെ കോൺചിലിയാത്സിയോനെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സെമിനാരിവിദ്യാർത്ഥികളുടെയും,  വൈദികരുടെയും ജൂബിലിയോടനുബന്ധിച്ച് വൈദികർക്കായുള്ള ഡിക്കാസ്റ്ററിയാണ് സംഗമം സംഘടിപ്പിക്കുന്നത്. "സന്തോഷമുള്ള വൈദികർ- നിങ്ങളെ ഞാൻ സുഹൃത്തുക്കൾ എന്ന് വിളിച്ചിരിക്കുന്നു" (യോഹന്നാൻ 15,15) എന്നതാണ് സംഗമത്തിന്റെ പ്രമേയം. നല്ല ഇടയനായ ക്രിസ്തുവുമായുള്ള സൗഹൃദവും, ദൈവജനത്തിനായുള്ള സന്തോഷകരമായ സേവനവും പൗരോഹത്യത്തിന്റെ കാതലാണെന്നു ഓർമ്മപെടുത്തുന്നതാണ് പ്രമേയം.

ആമുഖ പ്രാർത്ഥനയ്ക്ക് ശേഷം, വൈദികർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ലാസാരോ യു ഹ്യൂങ് സിക്കിന്റെ ആശംസയോടെ സംഗമം ആരംഭിക്കും. തദവസരത്തിൽ വിവിധ സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെടും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വൈദിക രൂപീകരണത്തിന്റെയും, അജപാലനശുശ്രൂഷകളുടെയും വ്യത്യസ്തങ്ങളായ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കും.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.  പൗരോഹിത്യ വിളിയുടെ അർത്ഥത്തെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചും,  ദൈനംദിന ജീവിതത്തിൽ, ശുശ്രൂഷയുടെ വിശുദ്ധിക്കും കൂട്ടായ്മയ്ക്കുമുള്ള ആഹ്വാനത്തെക്കുറിച്ചും കേൾക്കുന്നതിനും ചിന്തിക്കുന്നതിനുമുള്ള സമയമായിരിക്കും സംഗമം. അംഗങ്ങൾക്ക് പരസ്പരം സംഭാഷണം നടത്തുന്നതിനുള്ള അവസരങ്ങളും സംഗമത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.

യോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ, സെമിനാരി വിദ്യാർത്ഥികളുടെ പ്രാരംഭ രൂപീകരണത്തിലെ വിവിധ രീതികളെക്കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. അന്നേദിവസം സംഗമത്തിനുശേഷം വത്തിക്കാനിൽ വച്ച് ജാഗരണ പ്രാർത്ഥനയും നടക്കും. പങ്കാളിത്തം സൗജന്യമാണെങ്കിലും, ഡിക്കസ്റ്ററിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ വഴി രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂൺ 2025, 14:22