വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള റോമൻകൂരിയാ വിഭാഗം പുതിയ 8 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് ജൂൺ 20-ന്, വെള്ളിയാഴ്ച (20/06/25) അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ ലിയൊ പതിനാലാമൻ പാപ്പാ അധികാരപ്പെടുത്തിയനുസരിച്ചാണ് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.
ഇവയിൽ ആദ്യത്തെ പ്രഖ്യാപനം സ്പെയിൻ സ്വദേശിയായ ദൈവദാസൻ സാൽവദോർ വലേര പാറ എന്ന രൂപതാവൈദികൻറെ മദ്ധ്യസ്ഥതായൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്നതാണ്. 1816 ഫെബ്രുവരി 27-ന് ജനിച്ച അദ്ദേഹം 1889 മാർച്ച് 15-ന് മരണമടഞ്ഞു.
തുടർന്നുവരുന്ന മൂന്നു പ്രഖ്യാപനങ്ങൾ രക്തസാക്ഷിത്വത്തെ സംബന്ധിച്ചതാണ്. സ്പെയിനിൽ 1936-നും 1938-നും ഇടയിൽ വിശ്വാസത്തെ പ്രതി വിവിധ ഇടങ്ങളിൽ വച്ച് വധിക്കപ്പെട്ട വൈദികൻ ദൈവദാസൻ മനുവേൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വവും സ്പെയിനിൽ തന്നെ 1936-നും 1937-നും ഇടയിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട രൂപതാ വൈദികൻ ദൈവദാസൻ അന്തോണിയൊ മൊന്താഞെസ് കിക്കേരൊയുടെയും 64 കൂട്ടുകാരുടെയും നിണസാക്ഷിത്വവും 1944-1945 വർഷങ്ങളിൽ മതപീഢനവേളയിൽ വധിക്കപ്പെട്ട ഫ്രഞ്ചു സ്വദേശികളായിരുന്ന രൂപതാവൈദികൻ റെയ്മുണ്ട് ക്യറേ, ഫ്രയേഴ്സ് മൈനർ സമൂഹാംഗമായിരുന്ന ജെരാർഡ് മാർട്ടിൻ സെന്ത്രിയെ, വൈദികാർത്ഥി റൊഷേ വല്ലീ, അൽമായ വിശ്വാസി ഷ്വാൻ മെസ്തൃഹ് എന്നിവരുടെയും 46 സഹൃത്തുക്കളുടെയും രക്തസാക്ഷിത്വവും അംഗീകരിക്കുന്നതാണ് ഈ മൂന്നു പ്രഖ്യാപനങ്ങൾ.
അവസാനത്തെ 4 പ്രഖ്യാപനങ്ങൾ ഇറ്റലി സ്വദേശികളായ, തിരുഹൃദയങ്ങളുടെ പ്രേഷിതരുടെ സമൂഹത്തിലെ അംഗവുമായ റഫായേലെ മെന്നേല്ല, വിശുദ്ധ വിൻസെൻറെ ഡി പോളിൻറെ ഉപവിയുടെ പുത്രികൾ എന്ന സന്ന്യാസിനി സമൂഹത്തിലെ അഗം തെരേസ തമ്പേല്ലി, കുരിശിൻറെ നിശബ്ദപ്രവർത്തകരുടെ സംഘടനാംഗമായ അന്ന ഫൂൾജിദ ബർത്തൊലചേല്ലി, ബ്രസീൽ സ്വദേശിയായ സ്ഥിരശെമ്മാശൻ കുടുംബനാഥൻ ജൊവാം ലുയീസ് പൊത്സൊബൊൺ എന്നിവരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: