MAP

ലിയൊ പതിനാലാമൻ പാപ്പായുടെ കർദ്ദിനാൾ മത്തയൊ മരിയ ത്സൂപ്പിയും, 17/06/25 ലിയൊ പതിനാലാമൻ പാപ്പായുടെ കർദ്ദിനാൾ മത്തയൊ മരിയ ത്സൂപ്പിയും, 17/06/25  (ANSA)

പാപ്പായുടെ സമാധാനയത്നങ്ങൾക്ക് സഹകരണം ഉറപ്പുനല്കി കർദ്ദിനാൾ ത്സൂപ്പി!

ലിയോ പതിനാലാമൻ പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. സമാധാനസംസ്ഥാപ സംരഭങ്ങളിൽ പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാൻസംഘം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധങ്ങൾ മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയിൽ പാപ്പാ സമാധാനത്തിൻറെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങൾക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാർ ഉറപ്പുനല്കി.

ജൂൺ 17-ന് ചൊവ്വാഴ്ച (17/06/25) വത്തിക്കാനിൽ ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തേയൊ  മരിയ ത്സൂപ്പി മെത്രാൻസംഘത്തിൻറെ നാമത്തിൽ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിക്കവെയാണ് ഇത് വ്യക്തമാക്കിയത്.

തങ്ങളുടെ കൂട്ടായ്മയും സേവനവും എല്ലാ വിനയത്തോടും ബോധ്യത്തോടും വിശ്വസ്തതയോടും കൂടി പാപ്പായ്ക്ക് ഉറപ്പേകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിൻറെ ഭവനത്തിൽ എല്ലാവർക്കും സ്വന്തം വീട്ടിലായിരിക്കുന്ന അനുഭവം ഉണ്ടാകണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്വാഗതം ചെയ്യുന്നതും എല്ലാവരുടെയും, വിശിഷ്യ, പാവപ്പെട്ടവരുടെ, പ്രതീക്ഷകളോടു ചേർന്നു നിന്നുകൊണ്ട് പ്രത്യാശയുടെ കാരണമായിത്തീരുന്നതുമായ ഒരു സഭയ്ക്കു വേണ്ടിയാണ് തങ്ങളുടെ പരിശ്രമമെന്നും കർദ്ദിനാൾ ത്സൂപ്പി കൂട്ടിച്ചേർത്തു.

സത്താപരമായതിൽ കേന്ദ്രീകരിക്കുക, അതായത്, ക്രിസ്തുവിനെ പ്രഘോഷിക്കുക, പ്രത്യക്ഷമായും വ്യക്തിപരമായും യേശുവിനെക്കുറിച്ച് സംസാരിക്കുക എന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂൺ 2025, 12:53