സന്തുഷ്ടരായ പുരോഹിതരായിരിക്കുക എന്നത് ഒരു മുദ്രാവാക്യമല്ല, യാഥാർഥ്യമാകണം: കർദിനാൾ ലാറ്റ്സരോ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും, കടന്നെത്തിയവരെങ്കിലും എന്നാൽ ദൈവിളിയുടെ ഐക്യത്തിൽ ഏകീകരിക്കപ്പെട്ടിരിക്കുന്ന വൈദികരെ അഭിസംബോധന ചെയ്തുകൊണ്ടും, ആശംസകൾ അർപ്പിച്ചുകൊണ്ടും "സന്തോഷമുള്ള വൈദികർ- നിങ്ങളെ ഞാൻ സുഹൃത്തുക്കൾ എന്ന് വിളിച്ചിരിക്കുന്നു" എന്ന തലക്കെട്ടിൽ റോമിൽ വച്ച് നടത്തിയ വൈദികരുടെ അന്താരാഷ്‌ട്രസമ്മേളനത്തിൽ വൈദികർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ലാസാരോ യു ഹ്യൂങ് സിക്ക് സംസാരിച്ചു. റോമിലെ കോൺചിലിയാത്സിയോനെ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ മാസം ഇരുപത്തിയാറാം തീയതി പ്രാദേശിക സമയം വൈകുന്നേറാം നടന്ന സമ്മേളനത്തിൽ ഏകദേശം 1700 ഓളം വൈദികരാണ് സംബന്ധിച്ചത്. ദൈവവിളിയുടെ സന്തോഷവും, സൗന്ദര്യവും വീണ്ടും ഒരുമിച്ചു കണ്ടെത്തുന്നതിനുള്ള അവസരമാണ് ഈ സമ്മേളനമെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
ഈ സമ്മേളനം ഒരു യഥാർത്ഥ സഭാ, സിനഡൽ, സാഹോദര്യ അനുഭവമാണെന്നും, കർത്താവായ യേശുവുമായുള്ള സൗഹൃദം പുതുക്കുവാനുള്ള അവസരമാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. അതിനാൽ സന്തുഷ്ടരായ പുരോഹിതരായിരിക്കുക എന്നത് കേവലം മുദ്രാവാക്യമല്ലെന്നും, അത് അനുദിനം ജീവിക്കേണ്ടുന്ന യാഥാർഥ്യമാണെന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു. പ്രയാസങ്ങളുടെ അഭാവത്തിൽ നിന്നല്ല പൗരോഹിത്യത്തിന്റെ സന്തോഷം ഉത്ഭവിക്കുന്നതെന്നും, മറിച്ച് ക്രിസ്തുവുമായുള്ള ജീവനുള്ള ബന്ധത്തിൽ നിന്നും, സഹോദരവൈദികരോടും, മെത്രാന്മാരോടും, അജഗണങ്ങളോടുമുള്ള ഐക്യത്തിൽ നിന്നുമാണെന്നും കർദിനാൾ പ്രത്യേകം പറഞ്ഞു.
എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമായി 1,700 ലധികം വൈദികരുടെ സാന്നിധ്യം, സഭയുടെ കത്തോലിക്കാ മാനത്തിന്റെയും, സാർവത്രികതയുടെയും അത്ഭുതകരമായ അടയാളമാണെന്നു പറഞ്ഞ കർദിനാൾ, ഈ സാഹോദര്യം ഏവർക്കും പ്രത്യാശയുടെ അടയാളമായി മാറുമെന്നും ഓർമ്മപ്പെടുത്തി. ദൈവവിളികളുടെ പരിചരണവും, പൗരോഹിത്യപരിശീലനവുമാണ് സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളെന്നും കർദിനാൾ ആമുഖമായി പറഞ്ഞു. വിശ്വസനീയമായ സാക്ഷികളുടെ അഭാവം സഭയിൽ ഉണ്ടെന്നതിനാൽ, നവീകരണം നമ്മിൽ നിന്ന്, നമ്മുടെ സന്തോഷത്തിൽ നിന്ന്, നമ്മുടെ വിശ്വസ്തതയിൽ നിന്ന് ആരംഭിക്കണമെന്നും ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: