ഒരു യുദ്ധവും അനിവാര്യമല്ല, സമാധാനം സാധ്യമാണ്: കർദ്ദിനാൾ പിയെത്രോ പരൊളീൻ
ലിൻഡ ബോർദോണി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുദ്ധങ്ങൾ സാധാരണമായ ഒരു സംഭവമാണെന്നും, പ്രശ്‌നപരിഹാരത്തിന് സായുധസംഘർഷങ്ങൾ ആവശ്യമായേക്കാമെന്നുമുള്ള വിധത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ചിന്താരീതികളെക്കുറിച്ച് ശ്രദ്ധാലുക്കളാകാൻ ആഹ്വാനം ചെയ്‌ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ഇറ്റാലിയൻ ദിനപത്രമായ "ല സ്‌താംപ"-യ്ക്കനുവദിച്ച ഒരു അഭിമുഖത്തിലാണ്, യുദ്ധമെന്ന തിന്മയ്‌ക്കെതിരെയും സമാധാനസ്ഥാപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ ഉദ്ബോധിപ്പിച്ചത്.
ഉക്രൈൻ-റഷ്യൻ ചർച്ചകളുടെ വിജയപരാജയങ്ങൾ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ തളർത്തരുതെന്നും, നിരന്തരം സമാധാനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കണമെന്നും ആവശ്യപ്പെട്ട കർദ്ദിനാൾ പരൊളീൻ, ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളെ പരാമർശിച്ചുകൊണ്ട്, പരിശുദ്ധസിംഹാസനം ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകൾക്ക് വേദിയാകാൻ തയ്യാറായിരുന്നുവെന്നത് ഓർമ്മിപ്പിച്ചു. അക്രമത്തിന്റേതായ ശൈലിയെ പ്രതിരോധിക്കാനാണ് പരിശുദ്ധസിംഹാസനം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആയുധശേഖരണവുമായി ബന്ധപ്പെട്ട് സംസാരിച്ച കർദ്ദിനാൾ പരൊളീൻ, ഇത് രാജ്യങ്ങൾ തമ്മിലുള്ള പരസ്പരവിശ്വാസത്തിനും, സമാധാനത്തോടെയുള്ള സഹവാസത്തിനും ഉതകുന്നതാണോയെന്ന വിചിന്തനം നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഗാസാ മുനമ്പിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ, 2025-ൽ ഈ പ്രദേശത്ത് നടന്നുവരുന്ന ഇത്തരമൊരു മാനവികപ്രതിസന്ധി അംഗീകരിക്കാനാകില്ലാത്തതാണെന് അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിരോധങ്ങളും നീക്കേണ്ടതിന്റെയും മാനവികസഹായെമെത്തിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി.
അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പരാമർശിക്കവെ, ഒരു ശീതയുദ്ധമെന്ന തെറ്റിലേക്ക് നാം പതിക്കരുതെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, പരസ്പരം ഏറ്റുമുട്ടാനുള്ള പ്രവണതയിൽനിന്ന് മാറാനായി പരസ്പരസംവാദത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയെന്നതാണ് പോംവഴിയെന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ ബോദ്ധ്യമെന്ന് പ്രസ്താവിച്ചു.
ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളും, ലിയോ പതിനാലാമൻ പാപ്പായുടെ ഭരണത്തിന്റെ ആരംഭവും, പരിശുദ്ധസിംഹാസനം എത്രമാത്രം സമാധാനസ്ഥാപനത്തിനായി ശ്രമിക്കുന്നുണ്ടെന്നുള്ളതിന്റെ വ്യക്തമായ തെളിവായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: