MAP

വേശാഖ്, അഥവാ, ബുദ്ധ ജയന്തി ആഘോഷം വേശാഖ്, അഥവാ, ബുദ്ധ ജയന്തി ആഘോഷം  (AFP or licensors)

സംഭാഷണം ഇന്നിൻറെ വെല്ലുവിളികളെ നേരിടാനുള്ള ഉപകരണം!

ബുദ്ധജയന്തി ആഘോഷമായ വേശാഖിനോടനുബന്ധിച്ച് മതാന്തര സംവാദത്തിനായുള്ള റോമൻകൂരിയാ വിഭാഗം നല്കിയ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭിന്നിപ്പ്, സംഘർഷം, സഹനം എന്നിവയാൽ മുദ്രിതമായ നമ്മുടെ ഈ കാലഘട്ടത്തിൽ വിമോചനദായക സംഭാഷണത്തിൻറെ അടിയന്തിരാവശ്യകത തെളിഞ്ഞുവരുന്നുവെന്ന് മതന്തരസംവാദത്തിനായുള്ള റോമൻകൂരിയാ വിഭാഗം.

ബുദ്ധ ജയന്തി, ബുദ്ധപൂർണ്ണിമ എന്നൊക്കെ അറിയപ്പെടുന്ന വേശാഖ് ഉത്സവത്തോടനുബന്ധിച്ച് പതിവുപോലെ ഇക്കൊല്ലവും മതാന്തര സംവാദത്തിനായുള്ള റോമൻകൂരിയാ വിഭാഗം ബുദ്ധമതവിശ്വാസികൾക്കായി മെയ് 12-ന്, തിങ്കളാഴ്ച നല്കിയ സന്ദേശത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

ഈ വിമോചനദായക സംഭാഷണം വാക്കുകളിൽ ഒതുങ്ങിനില്ക്കുന്നതല്ലെന്നും പ്രത്യുത, അത് സമാധാനം, നീതി, സകലരുടെയും ഔന്നത്യം എന്നിവയ്ക്കായുള്ള സമൂർത്ത പ്രവർത്തികളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതാണെന്നും ഈ റോമൻകൂരിയാ വിഭാഗത്തിൻറെ മേധാവി, അഥവാ, പ്രീഫെക്റ്റ്, കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാടും കാര്യദർശി മോൺസിഞ്ഞോർ ഇന്ദുനിൽ ജനകരത്നെയും ഒപ്പുവച്ചിരിക്കുന്ന സന്ദേശത്തിൽ കാണുന്നു.

അക്രൈസ്തവ മതങ്ങളുമായുള്ള ബന്ധത്തെ അധികരിച്ച് “നോസ്ത്ര എത്താത്തെ” എന്ന രേഖ രണ്ടാം വത്തിക്കാൻ സൂനഹദോസ് പുറപ്പെടുവിച്ച ആ കാലഘട്ടത്തിലെന്നപോലെ തന്നെ ഇന്നും നമ്മുടെ ലോകം അനീതിയുടെയും സംഘർഷത്തിൻറെയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിൻറെയും ഭാരം പേറുകയാണെന്ന് ഈ രേഖയുടെ വീക്ഷണങ്ങളെ ആധാരമാക്കിയുള്ള ഈ സന്ദേശം പറയുന്നു. എന്നിരുന്നാലും മാനവാസ്തിത്വത്തിൻറെ അപരിഹൃത സമസ്യകൾക്ക് സാരസാന്ദ്രമായ ഉത്തരമേകാൻ മതങ്ങൾക്കുള്ള അഗാധമായ കഴിവിനെക്കുറിച്ചുള്ള ബോധ്യം ഈ സന്ദേശം എടുത്തുകാട്ടുന്നു.

നമുക്കു മദ്ധ്യേ അരങ്ങേറുന്ന സംഭാഷണം നമ്മുടെ മതപാരമ്പര്യങ്ങളുടെ നിധികൾ പരസ്പരം വിനിമയം ചെയ്യുന്നതിനും, നമ്മുടെ കാലത്തെ അടിയന്തിര വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി അവയുടെ ജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഭവിക്കുന്നുവെന്ന ബോധ്യവും സന്ദേശം പ്രകടിപ്പിക്കുന്നു.

“നോസ്ത്ര എത്താത്തെ” യിൽ വളരെ വാചാലമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സാഹോദര്യത്തിനും ആധികാരിക സംഭാഷണത്തിനുമായുള്ള അഭിവാഞ്ഛ സകല ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഇടയിൽ ഐക്യവും സ്നേഹവും സംജാതമാകുന്നതിനു വേണ്ടി യത്നിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും മതാന്തര സംവാദത്തിനായുള്ള റോമൻകൂരിയാ വിഭാഗം സന്ദേശത്തിൽ പറയുന്നു. "പരസ്പര സഹകരണം പെരുമാറ്റച്ചട്ടവും പരസ്പര ധാരണ ശൈലിയും മാനദണ്ഡവും" ആക്കി, നാം, മുന്നോട്ടുള്ള പാതയയിൽ സംഭാഷണ സംസ്കൃതി സ്വീകരിക്കാൻ പരിശ്രമിക്കുമ്പോൾ ഈ ചൈതന്യം കൂടുതൽ ആഴത്തിൽ വളരുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2025, 12:02