പുതിയ പാപ്പായെക്കുറിച്ചുള്ള കർദ്ദിനാൾ സംഘത്തിൻറെ കാഴ്ചപ്പാട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഭാഷണത്തിൻറെയും വ്യത്യസ്ത മത സാംസ്കാരിക ലോകങ്ങളുമായുള്ള ബന്ധം കെട്ടിപ്പടുക്കലിൻറെയും മനുഷ്യനായ ഇടയനെയാണ് കർദ്ദിനാളന്മാർ പുതിയ പാപ്പായിൽ കാണുന്നതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ മേധാവി മത്തെയൊ ബ്രൂണി
ഫ്രാൻസീസ് പാപ്പായുടെ നിര്യാണത്തെ തുടർന്ന് പാപ്പാ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന വേളയിൽ കർദ്ദിനാളന്മാർ ചേരുന്ന യോഗങ്ങളിൽ പതിനൊന്നാമത്തെതായി, മെയ് 5-ന് (05/05/25) വൈകുന്നേരം നടന്ന സമ്മേളനത്തെ അധികരിച്ചുള്ള അറിയിപ്പിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.
ഈ യോഗത്തിൽ 170 കർദ്ദിനാളന്മാർ പങ്കെടുത്തുവെന്നും ഇവരിൽ 132 പേർ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ളവരായിരുന്നുവെന്നും ഇരുപതിലേറെപ്പേർ ഇതിൽ സംസാരിച്ചുവെന്നും മത്തേയൊ ബ്രൂണി അറിയിച്ചു.
കുടിയേറ്റക്കാരെക്കുറിച്ചും യോഗം ചർച്ചചെയ്തുവെന്നും അവരെ ഒരു ദാനമായി കാണണമെന്നും അവരുടെ വിശ്വാസത്തിന് താങ്ങാകേണ്ടത് ആവശ്യമാണെന്നും കർദ്ദിനാളന്മാർ ഈ യോഗത്തിൽ വ്യക്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധങ്ങൾ, സഭയ്ക്കുള്ളിലും സമൂഹത്തിലും കാണപ്പെടുന്ന വിഭാഗീയത, സിനഡാത്മകത, കൂട്ടായ്മയുടെ സഭാവിജ്ഞാനീയം ക്രൈസ്തവ അവാന്തരവിഭാഗങ്ങളുയർത്തുന്ന വെല്ലുവിളി എന്നിയെക്കുറിച്ചും ഈ യോഗത്തിൽ പരാമർശിക്കപ്പെട്ടു.
തിങ്കളാഴ്ച രാവിലെ നടന്ന പത്താമത് യോഗത്തിൽ 179 കർദ്ദിനാളന്മാർ പങ്കെടുത്തു. അവരിൽ 132 പേർ വോട്ടവകാശമുള്ളവരായിരുന്നു. കാനൻ നിയമം, വത്തിക്കാൻ സംസ്ഥാനത്തിൻറെ ദൗത്യം, സഭയുടെ പ്രേഷിത സ്വഭാവം എന്നിവ ഈ യോഗത്തിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടു. സഭ സ്വയം ഒതുങ്ങിക്കൂടാതെ ദൈവരഹസ്യത്തിൻറെ സജീവാനുഭവത്തിലേക്ക് ഒരോ സ്ത്രീയെയും പുരുഷനെയും കൈപിടിച്ചു നടത്തണമെന്ന് ഈ യോഗം ഊന്നിപ്പറഞ്ഞു.
ദിശാബോധം നഷ്ടപ്പെട്ടതും ലോകക്രമപ്രതിസന്ധിയാൽ മുദ്രിതവുമായ ഒരു മാനവരാശിക്ക് കൂട്ടായ്മയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും പാലമായും വഴികാട്ടിയായും പ്രവർത്തിക്കാനും പ്രാപ്തനും ജനങ്ങൾക്കിടയിൽ സന്നിഹിതനും അവർക്ക് സമീപസ്ഥനുമായ ഒരു വ്യക്തിയാകണം, ആളുകളുടെ സമൂർത്തമായ ജീവിതത്തോടു ചേർന്നു നില്ക്കുന്ന ഇടയനാകണം, ഭാവി പാപ്പായെന്ന ആശയവും ഈ യോഗത്തിൽ തെളിഞ്ഞു നിന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: