MAP

ദിവംഗതനായ ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടിയുള്ള വിശുദ്ധ കുർബ്ബാന, ഏഴാം ദിനം, കർദ്ദിനാൾ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി കാർമ്മികനായി അർപ്പിക്കുന്നു, 02/05/24 ദിവംഗതനായ ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടിയുള്ള വിശുദ്ധ കുർബ്ബാന, ഏഴാം ദിനം, കർദ്ദിനാൾ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി കാർമ്മികനായി അർപ്പിക്കുന്നു, 02/05/24  (ANSA)

പുനരുത്ഥാനം മനുഷ്യപ്രകൃതിയിൽ അന്തർലീനമല്ല, കർദ്ദിനാൾ ഗുജെറോത്തി!

പരേതനായ ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടിയുള്ള നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തിയുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു. പൗരസ്ത്യസഭാ വിശ്വാസികളായിരുന്നു ഇതിൽ പ്രധാനമായും പങ്കെടുത്തത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പുനരുത്ഥാനം മനുഷ്യപ്രകൃതിയ്ക്ക് നൈസർഗ്ഗികമായ ഒരു പ്രതിഭാസമല്ലെന്നും തൻറെ ആത്മാവിലൂടെ ദൈവമാണ് നമ്മെ ഉയിർപ്പിക്കുന്നതെന്നും പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി.

ഫ്രാൻസീസ് പാപ്പായുടെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഏപ്രിൽ 26 മുതൽ 9 ദിവസം പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ഏഴാം ദിനത്തിലെ, അതായത്, മെയ് 2-ന്, വെള്ളിയാഴ്ചത്തെ (02/05/25) വിശുദ്ധകുർബ്ബാനാർപ്പണ വേളയിൽ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ഓരോ ദിനത്തിലും വ്യത്യസ്ത വിഭാഗങ്ങൾ പങ്കുചേരുന്ന ഈ നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, വെള്ളിയാഴ്ച അർപ്പിക്കപ്പെട്ട ഈ ദിവ്യപൂജയിൽ സീറോമലബാർ, സീറോമലങ്കര കത്തോലിക്കാ റീത്തുകളുൾപ്പടെയുള്ള പൗരസ്ത്യസഭാ വിശ്വാസികളായിരുന്നു സംബന്ധിച്ചത്.

മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള നമ്മുടെ ഉറച്ച വിശ്വാസം നാം പ്രഖ്യാപിക്കുന്നതിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് കർദ്ദിനാൾ ഗുജെറോത്തി, മാമ്മോദീസാ ജലത്തിൽ ആമഗ്നരാക്കപ്പെട്ട നാം പുതിയ സൃഷ്ടികളായി, ദൈവത്തിൻറെ കുടുംബത്തിലെ അംഗങ്ങളായി, അവൻറെ പ്രിയപ്പെട്ടവരായി, അല്ലെങ്കിൽ വിശുദ്ധ പൗലോസ് പറയുന്നതുപോലെ, ദത്തെടുക്കപ്പെട്ട മക്കളായിത്തീരുന്നുവെന്നും ഇനി നാം അടിമകളല്ലെന്നും അനുസ്മരിക്കുന്നു. ഈ “നൊവെന്തിയാലി” ദിവ്യപൂജയിൽ, വിശ്വാസാനുഭവത്താൽ സമ്പന്നമായ സീറോ-മലബാർ, സീറോ-മലങ്കര സഭകളുടെ സാന്നിധ്യം അദ്ദേഹം എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മേയ് 2025, 12:26