MAP

സിസ്റ്റൈൻ ചാപ്പലിന് മുകളിലെ പുകക്കുഴലിലൂടെ കറുത്ത പുകയുയർന്നപ്പോൾ സിസ്റ്റൈൻ ചാപ്പലിന് മുകളിലെ പുകക്കുഴലിലൂടെ കറുത്ത പുകയുയർന്നപ്പോൾ  (ANSA)

പത്രോസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ആദ്യദിനം കറുത്ത പുക

പത്രോസിന്റെ പിൻഗാമിക്കായുള്ള പ്രഥമ വോട്ടെടുപ്പ് ദിനത്തിൽ കറുത്ത പുക. 133 കർദ്ദിനാൾമാർ പങ്കെടുക്കുന്ന ഈ കോൺക്ലേവ്‌ ആരംഭച്ച മെയ് 7-ന് പുതിയ പാപ്പായെ പ്രതീക്ഷിച്ച് വത്തിക്കാനിലെത്തിയത് 45.000-ലധികം ആളുകൾ. റോമിന്റെ പുതിയ മെത്രാനായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മെയ് 7 ബുധനാഴ്ച വൈകുന്നേരം 4.30-ന് ആരംഭിച്ച കോൺക്ലേവിന്റെ ആദ്യദിനത്തിൽ നടത്തിയ വോട്ടെടുപ്പിൽ സംബന്ധിച്ച കർദ്ദിനാൾമാർക്ക് റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത്‌  മെത്രാനെ തിരഞ്ഞെടുക്കാനായില്ല. വൈകുന്നേരം അഞ്ചേമുക്കാലോടെ "എക്സ്ത്രാ ഓംനെസ്" എന്ന നിർദ്ദേശം നൽകി അടയ്ക്കപ്പെട്ട സിസ്റ്റൈൻ ചാപ്പലിൽ തുടർന്ന് കർദ്ദിനാൾ റനിയേരോ കാന്തലമേസയുടെ ധ്യാനപ്രഭാഷണമായിരുന്നു നടന്നത്. തുടർന്ന് വോട്ടെടുപ്പ് നടന്നെങ്കിലും, ദീർഘനേരത്തിന് ശേഷം വൈകിട്ട് ഒൻപത് മണിയോടെ മാത്രമാണ് വോട്ടെടുപ്പിന്റെ ഫലമറിയിച്ചുകൊണ്ട് കറുത്ത പുക സിസ്റ്റൈൻ ചാപ്പലിന്റെ മുകളിൽ പിടിപ്പിച്ച പുകക്കുഴലിൽനിന്ന് ഉയർന്നത്.

പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ ഫലമറിയാനായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും, അതിന് മുൻപിലുള്ള വിയ ദെല്ല കൊൺചിലിയാസ്സിയോണെ എന്ന വീതിയേറിയ വഴിയിലും ഏതാണ്ട് മൂന്ന് മണിക്കൂറുകളോളം കാത്തുനിന്നിരുന്ന നാൽപ്പത്തിഅയ്യായിരത്തിലധികം തീർത്ഥാടകരും, സന്ദർശകരുമായ ജനം വിവിധ രാഷ്ട്രങ്ങളുടെ പതാകകൾ പേറിയിരുന്നു. ഒപ്പം കോൺക്ലേവിന്റെ വിശേഷങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ കാത്തിരുന്ന നൂറുക്കണക്കിന് മാദ്ധ്യമപ്രവർത്തകരുമുണ്ടായിരുന്നു.

വൈകിട്ട് 9 മണിക്കാണ് വോട്ടെടുപ്പിൽ പുതിയൊരു പാപ്പായെ ഇനിയും തിരഞ്ഞെടുക്കാനായില്ല എന്ന് വ്യക്തമാക്കിക്കൊണ്ടും ദീർഘനേരം കാത്തുനിന്ന ആയിരങ്ങളെ നിരാശരാക്കിക്കൊണ്ടും കറുത്ത പുകയുയർന്നത്.

മെയ് 8 വ്യാഴാഴ്ച മുതൽ രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസം നാല് പ്രാവശ്യമായിരിക്കും വോട്ടെടുപ്പ് നടക്കുക. എന്നാൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനാകുന്നില്ലെങ്കിൽ ഉച്ചയ്ക്ക് 12-നും വൈകുന്നേരം 7-നും മാത്രമായിരിക്കും പുകയുയരുക.

പത്രോസിന്റെ പുതിയ പിൻഗാമിക്കായി, റോമിന്റെ പുതിയ മെത്രാനായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മേയ് 2025, 09:15