ലിയോ പതിനാലാമൻ പാപ്പായുടെ കീഴിൽ, സിനഡൽ, മിഷനറി സഭയായി വളരാം: മെത്രാന്മാരുടെ സിനഡ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിൽ സന്തോഷമറിയിച്ചും, പാപ്പായുടെ ശുശ്രൂഷയെ പിന്തുണച്ചുകൊണ്ട്, വിവിധ സഭകളുടെ കൂട്ടായ്മയെന്ന നിലയിൽ ഒരുമിച്ച് സന്തോഷത്തോടെ മുന്നോട്ടുനീങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചും മെത്രാന്മാരുടെ സിനഡ്. മെയ് 12 തിങ്കളാഴ്ച പാപ്പായ്ക്കയച്ച ഒരു സന്ദേശത്തിലൂടെയാണ് സിനഡിലെ അംഗങ്ങളുടെ പേരിൽ, ജനറൽ സെക്രെട്ടറി കർദ്ദിനാൾ മാരിയോ ഗ്രെക്ക് പാപ്പായ്‌ക്കൊപ്പം സഭാശുശ്രൂഷകൾ തുടരാനുള്ള തങ്ങളുടെ ആഗ്രഹം അറിയിച്ചത്.
സുവിശേഷം ശ്രവിച്ചുകൊണ്ടും, പരസ്പരസംവാദങ്ങളിലേർപ്പെട്ടും മിഷനറിസഭയായി നമ്മെ വളർത്താൻ സഹായിക്കുന്ന സഭാഘടകമാണ് സിനഡെന്ന് കർദ്ദിനാൾ ഗ്രെക് തന്റെ കത്തിൽ എഴുതി. ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമ്മാനമായ പരിശുദ്ധാത്മാവിനാലാണ് ഈ സിനഡ് നയിക്കപ്പെടുന്നത്.
തങ്ങളുടേതായ സിദ്ധികളും വിളിയും, ശുശ്രൂഷയുമനുസരിച്ച്, സഭ സഞ്ചരിക്കേണ്ട പാതയെക്കുറിച്ചുള്ള വിചിന്തനത്തിന് ഏവർക്കും സംഭാവന നൽകാൻ സഹായിക്കുന്ന സിനഡെന്ന യാഥാർത്ഥ്യം ഫ്രാൻസിസ് പാപ്പായാണ് വിളിച്ചുകൂട്ടിയതെന്ന് സിനഡ് എഴുതി.
പ്രാദേശികസഭകളിലും സഭാ കൂട്ടായ്മകളിലും നടപ്പിലാക്കാൻ സാധിക്കുന്ന വിധത്തിൽ, ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സമ്മേളനത്തിൽ പുറത്തിറക്കിയ "അവസാന രേഖ"യോടെ സിനഡിന്റെ അജപാലകരുടെ വിചിന്തനഭാഗം പൂർത്തിയായിരിക്കുകയാണെന്ന് സിനഡ് ഓർമ്മിപ്പിച്ചു.
ഏവർക്കും സമീപസ്ഥവും, ഏവർക്കുമായി തുറന്നതുമായ ദൈവഭവനമെന്ന നിലയിൽ സഭയുടെ വളർച്ചയെ സഹായിക്കാനായി പാപ്പായുടെ കീഴിൽ പ്രവർത്തിക്കാൻ തങ്ങളുടെ സന്നദ്ധത ആവർത്തിച്ച സിനഡ് പാപ്പായുടെ കീഴിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും പാപ്പായോടുള്ള അനുസരണവും തങ്ങളുടെ കത്തിലൂടെ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: