MAP

ജൂബിലി ലോഗോ ജൂബിലി ലോഗോ  

ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളുടെ ജൂബിലി ആഘോഷം റോമിൽ

ആഗോള തലത്തിലുള്ള വിവിധ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളുടെ ജൂബിലി ആഘോഷം റോമിൽ വച്ച് മെയ് മാസം പതിനാറു മുതൽ പതിനെട്ടു വരെ നടക്കുന്നു. ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ജൂബിലി ആഘോഷത്തിനായി എത്തിച്ചേരുന്നത്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ജൂബിലിവർഷത്തിൽ, വിവിധ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളുടെ ആഗോള തലത്തിലുള്ള ജൂബിലി ആഘോഷം റോമിൽ വച്ച് മെയ് മാസം പതിനാറു മുതൽ പതിനെട്ടു വരെ  നടക്കും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ആഘോഷത്തിൽ പങ്കുകൊള്ളുന്നത്. ഇറ്റലി, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മാൾട്ട, ഫ്രാൻസ്, ബ്രസീൽ, മെക്സിക്കോ, അർജന്റീന, കൊളംബിയ, പോളണ്ട്, യുകെ, പോർച്ചുഗൽ, ജർമനി, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, ഇന്ത്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ചിലി, എത്യോപ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ അംഗങ്ങൾ എത്തുന്നത്.

മെയ് മാസം പതിനാറാം തീയതി, വിവിധ പേപ്പൽ ബസിലിക്കകളിൽ ഉള്ള  വിശുദ്ധ വാതിലിലൂടെ അംഗങ്ങൾ പ്രവേശിക്കുന്നതോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രാദേശിക സമയം അഞ്ചുമണിക്ക്, റോമിലെ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയവരെ, റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച്, റോമൻ രൂപതയുമായി ചേർന്ന് സ്വീകരിക്കും. മോൺസിഞ്ഞോർ മാർക്കോ ഫ്രിസിനയുടെ നേതൃത്വത്തിൽ തുടർന്ന് സംഗീതപരിപാടിയും, സാക്ഷ്യങ്ങളുടെ പങ്കുവയ്ക്കലും നടക്കും .

മെയ് മാസം പതിനേഴാം തീയതി, റോമൻ നഗരവീഥിയിലൂടെ അംഗങ്ങൾ  പ്രദക്ഷിണം നടത്തും. തദവസരത്തിൽ വഹിക്കപ്പെടുന്ന തിരുസ്വരൂപങ്ങൾ, മെയ് 13 മുതൽ 17 വരെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നും, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രദക്ഷിണം, റോമിലെ ചിർക്കൊ മാസിമോയിൽ എത്തിച്ചേരും.

ജൂബിലി ആഘോഷത്തിന്റെ അവസാന ദിവസമായ മെയ് മാസം പതിനെട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്ന അവസരത്തിൽ, അംഗങ്ങൾ വിശുദ്ധ ബലിയിൽ പങ്കുകൊള്ളും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2025, 13:22