തൊഴിലാളികൾക്കുവേണ്ടി എപ്പോഴും ശബ്ദമുയർത്തിയ ആത്മീയ നേതാവാണ് ഫ്രാൻസിസ് പാപ്പാ: കർദിനാൾ ഫെർണാണ്ടസ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിന്റേതായിരുന്നുവെന്നും, ഇഹലോക വാസം പൂർത്തിയായപ്പോൾ പൂർണ്ണമായി ക്രിസ്തുവിന്റേതായി പരിശുദ്ധ പിതാവ് മാറിയെന്നും" വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആയിരുന്ന കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പറഞ്ഞു. ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടി അർപ്പിക്കപ്പെടുന്ന നവനാൾ കുർബാനയുടെ (നോവെന്തിയാലി) ആറാം ദിവസമായ മെയ് മാസം ഒന്നാം തീയതി വിശുദ്ധ ബലിമധ്യേ നടത്തിയ വചനസന്ദേശത്തിലാണ്, ഇക്കാര്യം കർദിനാൾ എടുത്തുപറഞ്ഞത്. ജ്ഞാനസ്നാനം മുതൽ തന്റെ ജീവിതകാലമത്രയും യേശു ഫ്രാൻസിസ് പാപ്പായുടെ കൂടെയായിരുന്നുവെന്നും, അതിനാൽ ജീവന്റെ പൂർണ്ണത വാഗ്ദാനം ചെയ്ത ക്രിസ്തു ഉത്ഥാനത്തിനുള്ള ഉറപ്പും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വാക്കുകളിൽ എപ്പോഴും ആർദ്രതയോടെ യേശുവിനെ പറ്റി സംസാരിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പായെന്നും, അതിനാൽ ക്രിസ്തു ഒരിക്കലൂം പരിശുദ്ധ പിതാവിനെ ഉപേക്ഷിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മെയ് മാസം ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന തൊഴിലാളി ദിനവും, പാപ്പായും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചും കർദിനാൾ സൂചിപ്പിച്ചു. തൊഴിലിന്റെ മാന്യതയെപ്പറ്റിയും, തൊഴിലാളികളുടെ അന്തസ്സിനെ പറ്റിയും മടുപ്പില്ലാതെ സംസാരിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പായെന്നും, കർദിനാൾ പറഞ്ഞു.
ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ചിടത്തോളം, തൊഴിൽ, മനുഷ്യന്റെ അന്തസ്സ് പ്രകടിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നും, അത് ഒരു വ്യക്തിയുടെ കഴിവുകൾ പ്രകാശിപ്പിക്കുവാനുള്ള ഇടമാണെന്നും പാപ്പാ പറഞ്ഞിട്ടുള്ളതും കർദിനാൾ അനുസ്മരിച്ചു. തൊഴിലെന്നത്, ബന്ധങ്ങൾ പരിപോഷിപ്പിച്ചുകൊണ്ട്, ഈ ലോകത്തെ പരിപാലിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും അപ്രകാരം ദൈവത്തിന്റെ സഹകാരിയായി ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ സഹായിക്കുന്നതാണെന്നും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു.
യഥാർത്ഥ ദാരിദ്ര്യമെന്നത് തൊഴിലില്ലായ്മയും, ജോലിയുടെ അന്തസില്ലായ്മയുമാണെന്നും പാപ്പാ പറഞ്ഞിട്ടുള്ളതും കർദിനാൾ ഓർമ്മപ്പെടുത്തി. തൊഴിലിടങ്ങളിൽ, തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണമെന്നും, ദൈവം നൽകിയ ദാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലിയുടെ മൂല്യത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, തന്റെ ദൗത്യം കഠിനമായ പരിശ്രമത്തോടെയും, അഭിനിവേശത്തോടെയും, വിട്ടുവീഴ്ചയോടെയും ജീവിച്ച ഒരാളായിരുന്നു. വേനൽക്കാലത്ത് അർജന്റീനിയയിൽ വൈദികർ അവധിക്കാലത്ത് മറ്റിടങ്ങളിലേക്ക് പോകുമ്പോൾ, ആർച്ചുബിഷപ്പായിരുന്ന ബെർഗോഗ്ലിയോ എല്ലാവർക്കും സംലഭ്യനായിരുന്നുവെന്നും കർദിനാൾ പറഞ്ഞു.
ആറാം ദിവസത്തെ അനുസ്മരണ കുർബാനയിൽ വത്തിക്കാൻ കൊറിയയിൽ പ്രവർത്തിക്കുന്ന എല്ലാവരും സന്നിഹിതരായിരുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ പക്വതയോടെയും, വിശുദ്ധീയോടെയും നിറവേറ്റണ്ടതാണ് കൂരിയയിൽ ഏല്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളെന്നും കർദിനാൾ ഉപസംഹാരമായി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: