പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷണത്തിനായി ജീവനേകിയ സ്വിസ് ഭടന്മാരുടെ ഓർമ്മയിൽ വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോം കൊള്ളയടിക്കപ്പെട്ട 1527-ൽ, അന്ന് പാപ്പയായിരുന്ന ക്ലെമെന്റ് ഏഴാമനെ ചാൾസ് അഞ്ചാമൻ രാജാവിന്റെ സേനയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ കൊലചെയ്യപ്പെട്ട 147 സ്വിസ് ഭടന്മാരെ അനുസ്മരിക്കാനൊരുങ്ങി വത്തിക്കാനിലെ പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡ് സേന. ഏപ്രിൽ 21-ന് ഫ്രാൻസിസ് പാപ്പാ നിര്യാതനായതിന്റെയും വത്തിക്കാനിൽ നടന്നുവരുന്ന കർദ്ദിനാൾമാരുടെ സമ്മേളനങ്ങളുടെയും കോൺക്ലേവിന്റെയും പശ്ചാത്തലത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങുകളായിരിക്കും വത്തിക്കാനിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുക.
സ്വിസ്സ് ഗാർഡുകളുടെ താവളത്തിലുള്ള പ്രത്യേക ഇടത്ത് രാവിലെ 11 മണിക്കായിരിക്കും ചടങ്ങുകളെന്ന് മെയ് 3-ന് പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ ഓഫീസ് പത്രക്കുറിപ്പ് വഴി അറിയിച്ചു. പാപ്പായ്ക്കുവേണ്ടി ജീവൻ വെടിഞ്ഞ സ്വിസ്സ് പടയാളികൾക്കായുള്ള സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ ആരംഭിക്കുക.
പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ കമാൻഡർ കേണൽ ക്രിസ്റ്റോഫ് ഗ്രാഫ് പ്രഭാഷണം നടത്തും. തുടർന്ന്, പരിശുദ്ധ പിതാവിന്റെ സംരക്ഷണത്തിന് വേണ്ടി ജീവനേകിയ തങ്ങളുടെ മുൻഗാമികളുടെ ജീവത്യാഗത്തിന് സ്വിസ്സ് പടയാളികൾ ആദരാജ്ഞലി അർപ്പിക്കും.
സാധാരണയായി ഈ ദിവസത്തിൽ പാപ്പാമാർ സ്വിസ്സ് ഗാർഡുകൾക്ക് കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്യാറുണ്ട്. പുതുതായി സ്വിസ്സ് ഗാർഡുകളായി ചേരുന്നവർ സത്യപ്രതിജ്ഞ ചെയ്യുന്നതും മെയ് 6-നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: